എനിക്ക് മുമ്പേ ജി.എസ്. പ്രദീപ് സംവിധായകനായി: പൃഥ്വിരാജ്

ടെലിവിഷന്‍ അവതാകരനായി ശ്രദ്ധ നേടിയ ജി.എസ്. പ്രദീപ് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍. ബാല്യത്തിന്റെ മനോഹാരിത പ്രമേയമാകുന്ന ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ടു. ടീസറിനൊപ്പം സ്‌കൂള്‍ കാലഘട്ടത്തില്‍ ജി.എസ് പ്രദീപ് എഴുതിയ നാടകം താന്‍ സംവിധാനം ചെയ്ത അനുഭവവും പൃഥ്വിരാജ് പങ്കുവച്ചു.

ടീസര്‍ പങ്കുവെച്ച് പൃഥ്വി എഴുതിയ കുറിപ്പ് വായിക്കാം–

‘11-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി സംവിധാന രംഗത്ത് ഞാന്‍ കൈവയ്ക്കുന്നത്. ഒരു നാടകത്തിന് വേണ്ടിയായിരുന്നു അത്. ഇംഗ്ലിഷ് കൃതികളെ അടിസ്ഥാനമാക്കി ഒരു നാടകം ഒരുക്കുന്ന സാമ്പ്രദായിക ശൈലിയെ വിട്ട് മലയാളത്തില്‍ തന്നെ ഒരു നാടകം ഒരുക്കണമെന്ന് ഞാനും എന്റെ സുഹൃത്തും തീരുമാനിച്ചു. ‘അവന്‍ ദേവദത്തന്‍’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്.’ 

‘അഭിനേതാക്കള്‍ക്ക് പറയാന്‍ മികച്ച സംഭാഷണങ്ങള്‍ ആ നാടകത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അന്നവിടെ വായിച്ചത്, സംവിധാനം പൃഥ്വിരാജ്, കഥ, തിരക്കഥ, സംഭാഷണം ജി.എസ്. പ്രദീപ് എന്നായിരുന്നു. എനിക്ക് മുമ്പേ പ്രദീപ് ജി.എസ്. ആദ്യ ചിത്രം സംവിധാനം ചെയ്തു. ഞാന്‍ വളരെ സന്തോഷത്തിലാണ്. പ്രദീപിനും സ്വര്‍ണമത്സ്യങ്ങളുടെ ടീമിനും ആശംസകള്‍.’‍- പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.