'വനിതാ മതിലി'നൊപ്പം ഉയർന്ന് ശീർഷകഗാനം; പാട്ടിനെ പേടിക്കണ്ട

സംസ്ഥാന സർക്കാർ വനിതാമതിലിന്റെ  ഭാഗമായി പുറത്തിറങ്ങിയ ശീർഷകഗാനം ശ്രദ്ധനേടുന്നു. 'ഉണരുണരുണരൂ' എന്നു തുടങ്ങുന്ന ഗാനം പറയുന്നത് സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചാണ്. പ്രഭാ വർമയുടെതാണു വരികൾ. മാത്യൂ ഇട്ടിയുടെ സംഗീതം. സരിതാ റാം ആണു ഗാനം ആലപിച്ചിരിക്കുന്നത്. 

കേരളത്തിന്റെ നവോഥാന പാരമ്പര്യം ഉൾപ്പെടുത്തിയാണുഗാനത്തിന്റെ ദൃശ്യവത്കരണം. മറുമറയ്ക്കൽ സമരവു മറക്കുടയുമെല്ലാം ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലയിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയുള്ളതാണ് ശീർഷകഗാനം. 

യുട്യൂബിൽ റിലീസ് ചെയ്ത ഉടനെ അൺലൈക്കിലൂടെ വനിതാമതിലിന്റെ ശീർഷക ഗാനത്തിനെതിരെ സൈബർ ആക്രമണം നടന്നെങ്കിലും, പിന്നീട് ഇക്കാര്യം സിപിഎം ഗ്രൂപ്പുകളിലും മറ്റും എത്തിയതിലൂടെ ലൈക്കുകൾ നൽകി പാർട്ടി പ്രവർത്തകർ മറികടക്കുകയായിരുന്നു. മികച്ച പ്രതികരണമാണു ശീർഷക ഗാനത്തിനു ലഭിച്ചത്. ജനുവരി ഒന്നിനു ശേഷം ചരിത്രം മാറും എന്നതരത്തിലുള്ള കമന്റുകളും വന്നു. മൂന്നരലക്ഷത്തോളം പേർ ഇതിനോടകം തന്നെ ഗാനം യൂട്യൂബിൽ കണ്ടു. നിലവിൽ 64000 ലൈക്കും 35000 ഡിസ്‌ലൈക്കുമാണു ഗാനത്തിനുള്ളത്. 

വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കവി മുരുകൻ കാട്ടക്കട പാടിയ ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. 'വനിതാ മതിൽ' പ്രചരണത്തിനായി എന്ന കുറിപ്പോടെയാണു ഗാനം എത്തിയത്. 'നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ ആണ് ജനുവരി ഒന്നിന് വനിതാ മതിൽ സംഘടിപ്പിച്ചത്.