മൊബൈൽ വന്നതു നന്നായി; ഞാൻ പ്രകാശനിലെ 'വൈശാഖ സന്ധ്യേ'...!

'ഞാൻ പ്രകാശനി'ലെ 'ഓമൽ താമരക്കണ്ണല്ലേ' എന്ന ഗാനം ഹിറ്റായതോടെ മലയാളി ഇപ്പോൾ പഴയൊരു പാട്ടും അതിലെ രംഗങ്ങളും കുത്തിപ്പൊക്കുന്ന തിരക്കിലാണ്. 'നാടോടിക്കാറ്റി'ലെ 'വൈശാഖ സന്ധ്യേ'. പിന്നാലെ വാദ പ്രതിവാദങ്ങളും സജീവമാണ്. 

ഇരുഗാനങ്ങളിലെയും രംഗങ്ങൾ തമ്മിൽ വളരെ സാദൃശ്യമുണ്ടെന്നാണു ചിലർ വാദിക്കുന്നത്. മൊബൈൽ ഫോൺ വന്നു എന്നതുമാത്രമാണ് ആകെയുള്ള വ്യത്യാസം എന്നും വിമർശകർ ചൂണ്ടികാണിക്കുന്നു. എന്നാൽ രണ്ടു ഗാനരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതു സത്യൻ അന്തിക്കാട് തന്നെ അല്ലേ എന്നാണ് ആരാധകരുടെ മറുചോദ്യം. 

'ഓമൽ താമരക്കണ്ണല്ലേ' എന്ന ഗാനത്തിൽ ഫഹദും ചിത്രത്തിലെ നായികയായ നിഖിത വിമലും വഴിയോരത്തു നിന്നു ചായയും പരിപ്പുവടയും കഴിക്കുന്നതിനു സമാനമായ സീൻ 'വൈശാഖ സന്ധ്യേ' എന്ന ഗാനത്തിലും ഉണ്ട്. അത് മോഹൻലാലും ശോഭനയുമാണെന്നുമാത്രം.സംവിധായകനും തിരക്കഥാകൃത്തും അന്നത്തെ അതേ സത്യൻ അന്തിക്കാടും ശ്രീനിവാസനും തന്നെ ആയതിനാൽ ചില രംഗങ്ങൾ ആവർത്തിക്കുന്നതു സ്വാഭാവികം മാത്രം. അതിൽ വിമർശിക്കാനൊന്നുമില്ല. 'നാടോടിക്കാറ്റി'ലെ ദാസനെ സ്വീകരിച്ച പോലെ തന്നെ 'ഞാൻ പ്രകാശനി'ലെ പ്രകാശനെയും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഒരു ആവർത്തന വിരസതയും ചിത്രത്തിനോ ഗാനങ്ങൾക്കോ അനുഭവപ്പെടുന്നില്ല. അല്ലെങ്കിലും സീനുകൾ ആവർത്തിക്കുന്നതിലല്ല, കാണികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ സിനിമ എടുക്കുക എന്നതു തന്നെയാണു ഒരു സംവിധായകന്റെ വിജയം. 

മോഹൻലാലിനോളം മനോഹരമായി ഗാനരംഗങ്ങളിൽ അഭിനയിച്ച താരങ്ങള്‍ കുറവാണ്. ലാലിനോടു കിടപിടിക്കുംവിധമാണ് ഫഹദിന്റെ ഓരോ ഭാവവും എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ.  മോഹൻലാൽ എന്ന നടനെ മലയാളത്തിനു സമ്മാനിച്ച ഫാസിലിനു ലഭിച്ച വരദാനമാണു ഫഹദ് എന്നു സത്യൻ അന്തിക്കാട് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

മലയാളിക്ക് എക്കാലവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നാണ് 1987ൽ ശ്രീനിവാസന്‍-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'നാടോടിക്കാറ്റി'ലെ 'വൈശാഖ സന്ധ്യേ'. യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ വരികൾക്കു ശ്യാമിന്റെ സംഗീതം. 'ഞാൻ പ്രകാശനി'ലെ 'ഓമൽ താമരക്കണ്ണല്ലേ' എന്ന ഗാനത്തിനു വരികള്‍ എഴുതിയതു ബി.കെ. ഹരിനാരായണനാണ്. യദു എസ്. മാരാരും ഷാൻ റഹ്മാനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.ഷാൻ തന്നെയാണു സംഗീതം.