മരണമാസും പ്രണയ തുടിപ്പുമായി 'തലൈവർ'; പേട്ട തരംഗം

രജനീകാന്ത് പ്രധാന വേഷത്തിലെത്തുന്ന 'പേട്ട' തീയറ്ററുകളിൽ. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തോടൊപ്പം തന്നെ ആസ്വാദക മനം കീഴടക്കുകയാണ് പേട്ടയിലെ ഗാനങ്ങളും. അനിരുദ്ധ് രവിചന്ദർ ആണു സംഗീതം. 

'മരണമാസ്' എന്ന ഗാനത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതുവരെ മുപ്പതു മില്യണിൽ കൂടുതൽ ആളുകൾ ഗാനം കണ്ടുകഴിഞ്ഞു. 'തലൈവർ' ഗാനത്തിനു വേണ്ട ചേരുവകളെല്ലാം ചേർന്നതാണു ഗാനം. എസ്.പി. ബാലസുബ്രഹ്മണ്യവും അനിരുദ്ധ് രവിചന്ദറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം രജനി ചിത്രത്തിനു വേണ്ടി എസ്പിബി ആലപിക്കുന്ന ഗാനമാണ് 'മരണമാസ്'. വിവേകിന്റെതാണു വരികൾ. 2019ലെ മികച്ച ഫാസ്റ്റ് നമ്പറുകളാണ് പേട്ടയിലേതെന്നാണു ആരാധകരുടെ വിലയിരുത്തൽ

ചിത്രത്തിലെ 'ഇളമൈ തിരുമ്പുതേ' എന്ന ഗാനം എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. മനോഹരമായ പ്രണയഗാനമാണ് 'ഇളമൈ തിരുമ്പുതേ'. രജനീകാന്തും സിമ്രാനുമാണു ഗാന രംഗത്തിൽ എത്തുന്നത്. ഗാനത്തിന്റെ പ്രൊമോയും ലിറിക് വിഡിയോയും നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. രണ്ടു ദിവസം മുൻപ് എത്തിയ പ്രൊമോ ഗാനം അഞ്ചുലക്ഷത്തോളം പേരും, ഗാനത്തിന്റെ ലിറിക് വിഡിയോ ഏഴുലക്ഷത്തോളം ആളുകളും കണ്ടുകഴിഞ്ഞു.  അനിരുദ്ധ് രവിചന്ദർ ആണ് ആലാപനം. ധനുഷിന്റെതാണു വരികൾ. 

പേട്ടാ പരാക്, ഉലാല എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നകാഷ് അസീസും ഇന്നോ ഗംഗയും ചേർന്നാണ് 'ഉല്ലാലാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മൂന്നുഗാനങ്ങൾ ഫാസ്റ്റ് നമ്പരും ഒരെണ്ണം പ്രണയഗാനവുമാണ്. സിമ്രാൻ ആദ്യമായി രജനിയുടെ നായികയായി എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ, രജനി സിനിമയ്ക്കു വേണ്ട ചെരുവകളെല്ലാം ഉണ്ടെന്നാണു പ്രേക്ഷകരുടെ ആദ്യ പ്രതികരണം.