സിനിമാലോകം കണ്ണടച്ചു, ആ കഴിവുകൾക്കു നേരേ

റാംജി റാവ് സ്പീക്കിങ് തുടങ്ങുമ്പോൾ ഫാസിൽ സാറാണ് നല്ലതാണെങ്കിൽ ഇദ്ദേഹത്തെ ഉപയോഗിക്കാം എന്ന ആമുഖത്തോടെ എസ്. ബാലകൃഷ്ണനെ പരിചയപ്പെടുത്തിയത്. സിനിമയുടെ കഥയും സിറ്റുവേഷനും ഞങ്ങൾ പറഞ്ഞു കൊടുത്തു. ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹം തിരിച്ചു വരുന്നത്. ‘കണ്ണീർ കായലിൽ ഏതോ കടലാസിന്റെ തോണി’ എന്ന പാട്ടിന്റെ ട്യൂണായിരുന്നു അത്. കേട്ടപ്പോൾ വളരെ പ്രത്യേകതയുളള ഈണമായി തോന്നി. അതുവരെ മലയാളത്തിൽ കേട്ടിട്ടില്ലാത്ത ഈണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ‘ഒരായിരം കിനാക്കളാൽ..., ഇത് കളിക്കളം.., അവനവൻ കുരുക്കുന്ന..’ തുടങ്ങിയ പാട്ടുകളെല്ലാം വലിയ ഹിറ്റുകളായി. ‘കളിക്കളം ഇത് കളിക്കളം’ എന്ന പാട്ടിനു കീബോർ‍ഡ് മാത്രമാണ് ഉപയോഗിച്ചത്.

അന്ന് ബാലകൃഷ്ണനു േവണ്ടി കീബോർഡ് വായിച്ച ദിലീപാണ് ഇന്നത്തെ എ.ആർ.റഹ്മാൻ. സിനിമയിൽ അവസരം കിട്ടാനുള്ള ട്രിക്കുകൾ ഒന്നും അറിയാത്ത ഒരാളായിരുന്നു ബാലകൃഷ്ണൻ. താരതമ്യേന ജൂനിയേഴ്സായ ഞങ്ങളുടെ ചിത്രങ്ങളിലൂടെ വന്നയാളായതു കൊണ്ടു മലയാളത്തിൽ കാര്യമായ അവസരങ്ങളും അന്ന് അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. അന്നു സിനിമയിലുണ്ടായിരുന്ന വലുപ്പച്ചെറുപ്പം അദ്ദേഹത്തിന്റെ കരിയറിനെ വല്ലാതെ ബാധിച്ചതായി തോന്നിയിട്ടുണ്ട്. മലയാളത്തിലെ അക്കാലത്തെ മുൻനിര സംവിധായകരുടെ ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു അവസരം ലഭിച്ചില്ല.

കിലുക്കാംപെട്ടി എന്ന സിനിമയിൽ ഷാജി ൈകലാസാണു പിന്നീട് അദ്ദേഹത്തിന് അവസരം നൽകിയത്. പതിവു ശൈലിയിൽ നിന്നു മാറാം എന്ന ധാരണയിലാണു ഞങ്ങളുടെ കൂട്ടുകെട്ട് അവസാനിച്ചത്. മലയാളത്തിൽ ബാലകൃഷ്ണനെ പോലെ ഇത്രയും മനോഹരമായി മെലഡി ചെയ്തവർ അപൂർവമാണ്. ബാലകൃഷ്ണന്റെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു. ‘പാതിരവായി നേരം..’ പോലെ എത്രയെത്ര നല്ല പാട്ടുകളാണ് അദ്ദേഹം സമ്മാനിച്ചത്. 

അദ്ദേഹം ഞങ്ങൾക്കു കുടുംബാംഗം പോലെയായിരുന്നു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ മറക്കാനാവാത്ത പാട്ടുകളുടെ ഉടമയാണു യാത്രയാകുന്നത്. മലയാള സിനിമ അദ്ദേഹത്തിന്റെ കഴിവുകളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല.