മറക്കില്ല, താളവട്ടത്തിലെ ആ ഗിറ്റാർ സംഗീതം

സരസ്വതീയാമത്തിൽ ഉണർന്നു സാധകം ചെയ്യുന്ന റോക്ക് ഗിറ്റാറിസ്റ്റിനെ സങ്കൽപ്പിക്കാനാകുമോ? എങ്കിൽ അതായിരുന്നു കഴിഞ്ഞ ദിവസം ജോൺ ആന്തണി. ഷോ കഴിഞ്ഞ് എത്ര വൈകിയുറങ്ങിയാലും പുലർച്ചെയുണർന്നു കുളിച്ചു ഗിറ്റാറെടുക്കും. വീട് അലോസരപ്പെടുത്താതെ മുറിയടയ്ക്കും. തന്ത്രികൾ ജപമാലയാകുന്ന മണിക്കൂറുകളാണു പിന്നെ. വർഷങ്ങളായി തുടരുന്ന ശീലം. ലോക സംഗീതജ്ഞരുടെ ഗണത്തിലേക്കു ജോൺ എന്ന മലയാളിയെ ഉയർത്തിയതിനു പിന്നിലുണ്ട് ഈ സമർപ്പണം.

റോക്ക് സംഗീതത്തിന്റെ കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞടിച്ച എൺപതുകളിൽ ‘റെസിസ്റ്റൻസ്’ എന്ന ബാൻഡുമായാണു കൊച്ചിയിൽ ജോൺ രംഗപ്രവേശം ചെയ്തത്. ‘13 എഡി’ പോലുള്ള ഹിറ്റ് ബാൻഡുകളുടെ തേരോട്ടകാലമായിരുന്നു അത്. നിലവിലുള്ള റോക്ക് ബാൻഡുകൾ മെറ്റൽ, ഹെവി മെറ്റൽ പാട്ടുകളുമായി ആസ്വാദകരുടെ കേൾവിയിൽ കൂടപ്രയോഗം നടത്തിയപ്പോൾ ജാസിന്റെയും ബ്ലൂസിന്റെയും നൈർമല്യമായിരുന്നു ‘റെസിസ്റ്റൻസി’ന്റെ മുഖമുദ്ര. പാശ്ചാത്യ ക്ലാസിക്കൽ വഴികളിലൂടെയുള്ള രാഗസഞ്ചാരം തുടക്കത്തിൽ സദസ്യരെ മുഷിപ്പിച്ചെങ്കിലും പതിയെ ജോണിനും കൂട്ടർക്കും പ്രിയമേറി. റെക്സ് ഐസക്കിന്റെയും എമിൽ ഐസക്കിന്റെയും സഹോദരൻ ആന്റണി ഐസക് ആയിരുന്നു മുഖ്യ ഗായകൻ. ജോണാണു പാട്ടുകൾ തിരഞ്ഞെടുത്തിരുന്നതെന്ന് അന്നു കൂട്ടുവായിച്ചിരുന്ന ഗിറ്റാറിസ്റ്റ് ജെർസൺ ആന്റണി ഓർക്കുന്നു.

‘‘ക്ലാസിക്കൽ ബെയ്സ് ഉള്ള പാട്ടുകളായിരുന്നതിനാൽ വളരെ കഷ്ടപ്പെട്ടാണു നോട്സെല്ലാം പഠിച്ചെടുത്തത്. പരിശീലനത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു ജോൺ. ചെറിയ കുറവു പോലും സഹിക്കില്ല. ആവർത്തിച്ചു വായിപ്പിച്ചുകൊണ്ടേയിരിക്കും...’’ ജെർസൺ പറയുന്നു.

കൊച്ചിയിൽ നിന്നു ചെന്നൈയിലേക്കു ചേക്കേറിയതോടെയാണു ജോണിന്റെ സംഗീതലോകം വിശാലമായത്. റെക്കോർഡിങ്ങുകളുടെ പൂരക്കാലമായിരുന്നു അത്. വിവിധ ഭാഷകളിലായി 2500 സിനിമകളുടെ ഭാഗമായി. ‘താളവട്ട’ത്തിലെ ‘പൊൻവീണേ...’ എന്ന ഗാനത്തിലെ ഗിറ്റാർ പീസാണു സിനിമാ ലോകത്തു ജോണിനെ വിഖ്യാതനാക്കിയത്. ശ്യാം, ജോൺസൺ, രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖരോടൊപ്പമുള്ള സ്റ്റുഡിയോ ജീവിതം കർണാടക സംഗീതത്തിന്റെ സാധ്യതകളിലേക്കു ജോണിനെ അടുപ്പിച്ചു.

പിന്നീട് ‘കർണാട്രിക്സ്’ എന്ന ബാൻഡുമായി ലോകം മുഴുവൻ സംഗീതപരിപാടികൾ അവതരിപ്പിച്ചപ്പോൾ ജാസ്– ബ്ലൂസ് നോട്ടുകൾക്കൊപ്പം ഇഴചേർത്ത ശങ്കരാഭരണവും ഹിന്ദോളവും വിദേശികൾക്ക് അദ്ഭുതമായിരുന്നു. ‘എന്തരോ മഹാനുഭാവുലു..’ എന്ന കൃതിയുടെ ജോൺ പതിപ്പിനായിരുന്നു വിദേശങ്ങളിൽ ആരാധകരേറെയെന്നു ബന്ധുവും ഡ്രമ്മറുമായ നിർമൽ പറയുന്നു. ‘‘ദൈവികമായ സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്ര ആത്മാർപ്പണമുള്ള സംഗീതജ്ഞർ വിരളമാണ്. ‘നോ മോർ ഭോപ്പാൽസ്’ എന്ന ആൽബത്തിലെ പാട്ടുകൾ കേട്ടാലറിയാം ആ സ്വർഗീയ സിദ്ധി. വിളിക്കുമ്പോഴും കാണുമ്പോഴും പ്രധാന ചോദ്യം സാധകത്തെക്കുറിച്ചാണ്...’’ നിർമൽ ഓർക്കുന്നു.

ദിലീപ് കുമാർ, ശിവമണി, ജോജോ എന്നിവരോടൊപ്പം രൂപീകരിച്ച ‘റൂട്ട്സ്’ എന്ന ബാൻഡാണു ന്യൂവേവ് സംഗീതത്തിന്റെ തരംഗം ഇന്ത്യയിൽ ആദ്യം പായിച്ചത്. റൂട്ട്സ് പിന്നീടു പിരിഞ്ഞു. ദിലീപ് കുമാർ എ.ആർ. റഹ്മാൻ ആയി. മുൻ സംഘാംഗം ജോജോ വാഹനാപകടത്തിൽ മരിച്ചപ്പോൾ കാണാൻ പോകാതിരുന്ന എ.ആർ. റഹ്മാനെ ഫോണിൽ വിളിച്ചു ചീത്ത പറഞ്ഞ ജോൺ ആന്തണിയും സഹപ്രവർത്തകരുടെ ഓർമകളിലുണ്ട്.

‘‘വളരെ സെൻസിറ്റീവായ വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ, സംഗീതത്തിന്റെ കാര്യത്തിൽ വളരെ ആക്ടീവും. കുറേ പദ്ധതികൾ ഉള്ളിലുണ്ടായിരുന്നു...’’ മദർ ജെയിൻ ബാൻഡിലെ ഡ്രമ്മർ ജോൺ തോമസ് ഓർക്കുന്നു. ജോൺ മെക് ലോഫ്‌ലിൻ, എൽ. ശങ്കർ, സക്കീർ ഹുസൈൻ, വിക്കു വിനായക് റാം എന്നിവർ അണിനിരക്കുന്ന ലോകപ്രശ്സ്ത ഫ്യൂഷൻ ബാൻഡായ ‘ശക്തി’യുടെ ഭാഗമാകാൻ അവസരം കിട്ടിയിട്ടുണ്ട് ജോൺ ആന്തണിക്ക്. കൈവേദന മൂലം ജോൺ മെക് ലോഫ്‌ലിൻ വിശ്രമിക്കുന്ന വേളയിലാണു പകരക്കാരനാകാൻ ജോണിന് അവസരമൊത്തത്. പിന്നീടുള്ള ശക്തിയുടെ ഷോകളിൽ ജോണിന്റെ പ്രകടനം കണ്ട് ജോൺ മെക് ലോഫ്‌ലിൻ പറഞ്ഞത് ഇങ്ങനെ: ‘‘ഈ പോക്കു പോയാൽ ഇവന്റെ കൈ ഞാൻ ഒടിക്കേണ്ടിവരും...’’

ഇതിഹാസ തുല്യനായ കലാകാരനായിരുന്നു ജോൺ ആന്തണിയെന്ന് ഗിറ്റാറിസ്റ്റ് സന്തോഷ് ചന്ദ്രൻ പറയുന്നു. ‘‘ഞങ്ങളെപ്പോലുള്ള പുതുമുറക്കാർക്കു പാഠപുസ്തകമായിരുന്നു അദ്ദേഹം. വേദികളിലായാലും ഷോകളിലായാലും അദ്ദേഹത്തിന്റെ വിരലുകൾ നമ്മെ കൊളുത്തിവലിക്കും...’’ കഴിഞ്ഞ വർഷം ചാവറ കൾചറൽ സെന്ററിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിലായിരുന്നു ജോൺ ആന്തണിയുടെ സംഗീതം കൊച്ചിക്കാർ അവസാനം കേട്ടത്.