മുഖപ്രസംഗം: കണ്ണാടി ഉടയ്ക്കാൻ ശ്രമം വേണ്ട

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലേക്കു ബുധനാഴ്ച ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ മർദനമേറ്റ ടിവി ചാനൽപ്രവർത്തക വേദന കടിച്ചമർത്തി ജോലി നിർവഹിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടുകയുണ്ടായി. അക്രമികളുടെ കൈക്കരുത്ത് പ്രതിബന്ധമായി കരുതാതെ സ്വന്തം തൊഴിൽ നിർവഹിക്കുന്നതിലെ അർപ്പണബോധവും ആത്മാർഥതയുമാണ് അവർക്കു കൈയടി നേടിക്കൊടുത്തത്. 

ബുധനാഴ്ച ആ മാധ്യമപ്രവർത്തകയ്ക്ക് വെല്ലുവിളി നേരിട്ടാണെങ്കിലും ജോലി നിർവഹിക്കാൻ കഴിഞ്ഞുവെങ്കിൽ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽത്തന്നെ അതു സാധ്യമല്ലാതാകുന്ന തികച്ചും നിർഭാഗ്യകരമായ സാഹചര്യമാണുണ്ടായത്. ഹർത്താലുമായി ബന്ധപ്പെട്ട് അവിടെയുണ്ടായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അടിച്ചോടിക്കുന്ന സ്ഥിതിയുണ്ടായി. സമരം റിപ്പോർട്ട് ചെയ്യാനെത്തുന്നവരെ അതു സംഘടിപ്പിക്കുന്നവർ തന്നെ മർദിച്ചോടിക്കുന്നതു കേട്ടുകേൾവിയില്ലാത്തതാണ്. രാഷ്ട്രീയനേതൃത്വവും മാധ്യമങ്ങളും പൊതുവിൽ പാലിക്കുന്ന പരസ്പര ബഹുമാനവും സൗഹാർദവും നിലനിർത്താൻ ചിലർ തയാറാകാതിരുന്നതാണ് അവിടെ കണ്ടത്. 

പുതുവർഷത്തിന്റെ സംഭവബഹുലമായ ആദ്യ ദിവസങ്ങളിൽ കേരളമാകെ മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്ന ദുഃഖകരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. വനിതാമതിൽ റിപ്പോർട്ട് ചെയ്യാൻ കാഞ്ഞങ്ങാട്ടെത്തിയ നാലു മാധ്യമപ്രവർത്തകരെ അതിക്രൂരമായി ബിജെപി പ്രവർത്തകർ ആക്രമിച്ചു. അവരുടെ ക്യാമറ പിടിച്ചുവാങ്ങി തകർത്തു. ചിലയിടത്ത് ഓഫിസുകൾക്കു നേരെ കല്ലേറുണ്ടായി. ഏറിയും കുറഞ്ഞുമുള്ള അക്രമങ്ങൾ പല ജില്ലകളിലും രണ്ടു ദിവസങ്ങളിലായുണ്ടായി. 

സംഘർഷമേഖലയിൽപോലും മാധ്യമപ്രവർത്തകരെ സംരക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമായി അതിലേർപ്പെടുന്നവർ തന്നെ കരുതിയിരുന്ന കാലമുണ്ടായിരുന്നു. വാർത്താശേഖരണത്തിനായി എത്തുന്നവർ ഇതിലൊന്നും കക്ഷിയല്ലെന്നും അവർ അവരുടെ തൊഴിലാണു ചെയ്യുന്നതെന്നുമുള്ള ബോധ്യം അവരെ നയിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകരെ രാഷ്ട്രീയ എതിരാളികളെപ്പോലെ നേരിടുന്ന രീതിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. 

മാധ്യമങ്ങൾ സമൂഹത്തെയാകെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നിരിക്കെ, ആ കണ്ണാടി തച്ചുടയ്ക്കാനുള്ള ശ്രമം ആത്മഹത്യാപരമാണെന്നു കൂടി പറയാതെ വയ്യ. 

മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താൻ കഴിയാത്ത അമൂല്യമായ അവകാശമാണെന്നു പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവു തന്നെയാണ്. ശബരിമല യുവതീപ്രവേശത്തിന്റെ പേരിൽ നാടെങ്ങും അക്രമം അരങ്ങേറുമ്പോൾ തുറന്നുവച്ച ക്യാമറകളാണ് കേരളം എങ്ങോട്ടെന്ന ചോദ്യംകൂടി ഉയർത്തുന്നത്. പ്രളയം കേരളത്തെ തകർത്തെറിഞ്ഞപ്പോഴും മാധ്യമങ്ങളാണ് ഈ നാടിന്റെ കണ്ണീരിനെയും അതിജീവനത്തെയും ലോകത്തിന്റെ മുന്നിലെത്തിച്ചത്. 

മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും കേരള പത്രപ്രവർ‍ത്തക യൂണിയനും ശക്തമായി അപലപിച്ചിട്ടുണ്ട്. ഇതു കേരളത്തിൽ അനുവദിക്കില്ലെന്നു മുഖ്യമന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തേ ഒരു വാർത്തായിടത്തുനിന്നു മാധ്യമപ്രവർത്തകർ ആട്ടിയോടിക്കപ്പെട്ടപ്പോൾ ‘തല്ലാനും തല്ലുകൊള്ളാനുമായി അവിടേക്കു പോകേണ്ട’ എന്ന് ഉപദേശിച്ച മുഖ്യമന്ത്രി ആ ശൈലിയല്ല ഇപ്പോൾ സ്വീകരിച്ചത് എന്നത് ആശാവഹം തന്നെ. ജനാധിപത്യത്തിന്റെ നാലാംതൂണിനെ ഭദ്രവും ശക്തവുമായി നിലനിർത്തേണ്ടതു ഭരണകൂടത്തിന്റെയും രാഷ്ട്രീയപാർട്ടികളുടെയും കൂടി കർത്തവ്യമാണ്.