പിന്നിലേക്കു നടക്കുന്നതിന്റെ സുഖം

തെക്കുനിന്നു നോക്കുമ്പോൾ തിരുവനന്തപുരം – അങ്കമാലിയായും വടക്കുനിന്നു നോക്കുമ്പോൾ അങ്കമാലി – തിരുവനന്തപുരമായും നീണ്ടുനിവർന്നു കിടക്കുകയാണ് നമ്മുടെ എം.സി. റോഡ്. ഒന്നാം നമ്പർ സംസ്ഥാന പാതയായ ഈ പെരുവഴി നന്നാക്കിയെടുക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. 

വീതി കൂട്ടിയും വളവുകൾ മിനുക്കിയുമുള്ള പുതുക്കൽ ഘട്ടം ഘട്ടമായപ്പോൾ ഏറെ വൈകി‍. ഇതിൽ മൂവാറ്റുപുഴ – ചെങ്ങന്നൂർ ഭാഗം പരിഷ്കാരം പൂർത്തിയാക്കി ആളും വണ്ടിയും ഓടാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഈ ഭാഗത്തിന്റെ നടുമുറി എന്നു വേണമെങ്കിൽ പറയാവുന്ന ഏറ്റുമാനൂരിനു സമീപം പട്ടിത്താനം എന്ന സ്ഥലത്ത് ഇപ്പോഴിതാ ഒരദ്ഭുതം സംഭവിക്കാൻ പോകുന്നു. 

അദ്ഭുതം എന്തെന്നാൽ – എന്തൊരു കാലമാടാ എന്നു ചോദിച്ചുപോകുന്ന തരത്തിൽ കാലം പെട്ടെന്നു പിന്നോട്ടോടുന്നു; ഘടികാരങ്ങൾ പിന്നോട്ടു കറങ്ങുന്നു. ഈ റോഡിൽ മാസങ്ങളായി ഓടി ക്ഷീണിച്ച വാഹനങ്ങൾ കാലത്തിലൂടെ റിവേഴ്സിൽ ഓടുന്നു. കാൽനടയായും വാഹനനടയായും സഞ്ചരിച്ച മനുഷ്യർ തിരിഞ്ഞു നടക്കുന്നു. ആ നടപ്പിൽ അവർക്ക് ഒരു വയസ്സു കുറയുന്നു. ഇങ്ങനെ കാലവും കാലംതൊട്ട കഥാപാത്രങ്ങളും പിന്നോട്ടോടുന്നത് ഒരു ഉദ്ഘാടനത്തിനുവേണ്ടിയാകുന്നു. 

പുതിയ റോഡുകളും പാലങ്ങളുമൊക്കെയല്ലാതെ ഒരു വർഷമായി ആളും വണ്ടിയും കാലവും ഓടിയ റോഡ് ആരും ഉദ്ഘാടനം ചെയ്യാറില്ല. അതുകൊണ്ടാണ് എം.സി. റോഡിന്റെ മൂവാറ്റുപുഴ – ചെങ്ങന്നൂർ മുറിയിലൂടെ കാലം പിറകോട്ടു പോകുന്നത്. ഈ റോഡ് കഷണത്തിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി പട്ടിത്താനത്ത് നിർവഹിക്കേണ്ടിയിരുന്നത് ഇന്നലെയാണ്. മരാമത്തു മന്ത്രി ജി.സുധാകരനാണ് അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. ഇന്നലെത്തന്നെ പ്രധാനമന്ത്രി കേരളത്തിൽ വന്നതുകൊണ്ട് ഉദ്ഘാടനം മാറിപ്പോയി. 

എന്നാലും, ആ സംഭവം ഉടനുണ്ടാവും. ഒരുവർഷം പിന്നോട്ടുപോയ കാലത്തോടു നീതി പുലർത്താൻ അവർ കഴിഞ്ഞ വർഷത്തെ ശബ്ദത്തിൽ പ്രസംഗിക്കുമെന്നാണ് അപ്പുക്കുട്ടൻ കരുതുന്നത്. പണി പൂർത്തിയായിക്കഴിഞ്ഞ് ഇക്കഴിഞ്ഞ ഒരു വർഷക്കാലം ആ റോഡിലുണ്ടായ സഞ്ചാരമെല്ലാം അപഥസഞ്ചാരമായി സർക്കാർ പ്രഖ്യാപിക്കും.  എം.സി. റോഡ് മാർഗത്തിൽ കൂടുതൽ പിന്നോട്ടു നടന്നാൽ 1956–ലെ കേരളപ്പിറവിയും 1947–ലെ സ്വാതന്ത്ര്യലബ്ധിയും ഉദ്ഘാടനം ചെയ്യാൻ നമുക്കു ഭാഗ്യമുണ്ടാവും. അതിൽപരം സന്തോഷം മറ്റെന്തുണ്ട്?