വാചകമേള

∙ യു.കെ.കുമാരൻ: മലബാർ മഹോത്സവത്തിന്റെ സാഹിത്യവിഭാഗം കൺവീനറായിരുന്നപ്പോൾ ഒരു സമ്മേളനത്തിലേക്ക് പി. ഗോവിന്ദപ്പിള്ളയെ ഞാൻ ക്ഷണിച്ചിരുന്നു. തീവണ്ടിക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെപ്പറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹം എടുത്തുപറഞ്ഞു- രണ്ടാം ക്ലാസിലെ ബർത്ത് മാത്രമേ എടുക്കാവൂ. സമ്മേളനം കഴിഞ്ഞു തിരിച്ചുപോകുമ്പോൾ അദ്ദേഹത്തോടു ഞാനെന്റെ സംശയം ഉന്നയിച്ചു- സാറെന്താണ് സെക്കൻഡ് ക്ലാസ് മാത്രമേ എടുക്കാവൂ എന്നു ശാഠ്യം പിടിച്ചത്. അപ്പോൾ അദ്ദേഹത്തിന്റെ ലളിതമായ മറുപടി: അതിനും താഴെ ക്ലാസ് ഇല്ലാത്തതുകൊണ്ട്.

∙ എം.മുകുന്ദൻ: ചെറിയ മനുഷ്യരുടെ കാലമാണ് ഇനി വരാൻ പോകുന്നത്. അവരാണ് ഇനി ലോകത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുക. ഈയിടെ ഉത്തരേന്ത്യയിൽ കർഷകരുടെ സമരം നമ്മൾ കണ്ടല്ലോ. തിന്നാനും കുടിക്കാനും ഇടാനും ഉടുക്കാനുമില്ലാത്ത ആ ചെറിയ മനുഷ്യരുടെ മുന്നേറ്റത്തിനു മുന്നിൽ രാജ്യത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി പതറുന്നതു നമ്മൾ കണ്ടു.

∙ ജസ്റ്റിസ് കുര്യൻ ജോസഫ്: പദവികൾക്കു വേണ്ടി റിട്ടയർമെന്റിനു മുൻപുതന്നെ സർക്കാരിനെ പ്രീണിപ്പിക്കാൻ ന്യായാധിപൻമാർ ശ്രമിക്കുന്നു എന്നൊരു ആരോപണം ചിലരെങ്കിലും ഉന്നയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ ലജ്ജാകരമാണത്. അതുകൊണ്ടാണു സർക്കാർ പദവി സ്വീകരിക്കില്ലെന്നു മുൻകൂട്ടി പ്രഖ്യാപിച്ചത്.

∙ കരൺ ഥാപ്പർ: എന്റെ ടിവി പരിപാടികളിലേക്കുള്ള ക്ഷണം ബിജെപി വക്താക്കൾ നിരന്തരമായി നിരസിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അനഭിമതനാണ് എന്ന കാര്യം വ്യക്തമാവാൻ തുടങ്ങിയത്. ആദ്യമൊക്കെ അവർ തിരക്കിലായതുകൊണ്ടാവുമെന്നു ഞാൻ അനുമാനിച്ചിരുന്നു. പിന്നെയതു പതിവായപ്പോൾ എന്തേലും പ്രശ്നമുണ്ടോയെന്നു സംബിത് പത്രയോട് അന്വേഷിച്ചു. പരിഭ്രമം കലർന്ന ശബ്ദത്തിൽ രഹസ്യമായി വയ്ക്കണമെന്ന ഉപാധിയോടെ, ബിജെപി വക്താക്കളാരും എന്റെ പരിപാടികളിൽ പങ്കെടുക്കരുതെന്നു നിർദേശം ലഭിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തി.

∙ അനീസ് സലീം: കൂടുതൽ പ്രശംസ കിട്ടിയ പരസ്യവാചകം മിൽമയ്ക്കുവേണ്ടി എഴുതിയതാണ്. ‘മിൽമ, കേരളം കണികണ്ടുണരുന്ന നന്മ’. ആ പരസ്യവാചകം എഴുതിയതിന് ഒരു അധ്യാപികയെ ഏതോ ചടങ്ങിൽ പിന്നീട് പൊന്നാടയണിയിച്ചതായി പത്രത്തിൽ വായിച്ചു. അന്വേഷിച്ചപ്പോൾ, അബദ്ധം പറ്റിയതാണ്, മറ്റൊരു വാചകമാണ് എഴുതിയത്, അങ്ങനെ എന്തെല്ലാമോ അവർ ന്യായങ്ങൾ പറഞ്ഞു. പിന്നെ ഞാനതു വിട്ടു.

∙ ജി. ശക്തിധരൻ: പാർലമെന്റിലേക്കയയ്ക്കാൻ യോഗ്യതയുള്ളവർ കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളിൽ അധികം പേരില്ല എന്നതാണു പച്ചയായ സത്യം. ഇപ്പോൾ കുറേ പേരുകൾ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ടല്ലോ. ഇതിൽ എത്രപേർക്കാണ് അവിടെ കാലുകുത്താൻ അർഹതയുള്ളത് എന്നു ലോക്സഭ റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കു നന്നായറിയാം.

∙ഫാസിൽ: ഫഹദിന്റെ ഉള്ളിൽ സംഗതി കിടപ്പുണ്ടായിരുന്നു. അതു പുറത്തേക്കു വരാൻ സമയമെടുത്തു. ഫഹദിനെ ആക്ടർ വിത് എ ബ്രെയ്ൻ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പുതിയ തലമുറയിൽ ദുൽഖറും നല്ല ചാം ഉള്ള ആക്ടറാണ്.