ഇടത് ഓടുന്നു, ഇടം പിടിക്കാൻ

ജനുവരിയിലെ മൂന്നാം ശനിയാഴ്ച (19) ദേശീയ രാഷ്ട്രീയത്തിൽ താൽപര്യമുയർത്തിയ ദിവസമാണ്. അന്ന് കൊൽക്കത്ത നഗരത്തിൽ വലിയൊരു റാലി സംഘടിപ്പിക്കാൻ മമത ബാനർജിക്കു കഴിഞ്ഞു. തമിഴ്‌നാടു മുതൽ കശ്‌മീർ വരെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 20 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ നരേന്ദ്ര മോദിക്കെതിരെ റാലിയിൽ അണിനിരന്നു. ഈ സമയം രാജ്യത്തിന്റെ മറ്റൊരു ഭാഗത്തു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്ന പ്രധാനമന്ത്രി, ‘മോദിയിൽനിന്നു ഞങ്ങളെ രക്ഷിക്കൂ’ എന്ന നിലവിളിയാണ് കൊൽക്കത്തയിൽ ഉയർന്നുകേട്ടതെന്നു പരിഹസിച്ചു. പക്ഷേ, പ്രമുഖരായ രണ്ടു കമ്യൂണിസ്റ്റ് നേതാക്കൾ കഴിഞ്ഞ രണ്ടു ശനിയാഴ്ചകളിലും മറ്റൊരു രാഷ്ട്രീയദൗത്യത്തിലായിരുന്നു. തടവുകാരനായ ഒരു രാഷ്ട്രീയ നേതാവിനെ സന്ദർശിക്കാൻ അവർ റാഞ്ചിയിലെ ആശുപത്രിയിൽ പോയി.

തടവുശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലുപ്രസാദ് യാദവ് ആശുപത്രിവാസത്തിലാണ്. അദ്ദേഹത്തിന് ആഴ്ചയിൽ ഒരു ദിവസം, ശനിയാഴ്ച തോറും, സന്ദർശകരെ കാണാം. ജനുവരി 12 ശനിയാഴ്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയായിരുന്നു സന്ദർശകൻ. ബിഹാറിലെ 40 സീറ്റുകളിൽനിന്ന് ഒന്നെങ്കിലും സിപിഎമ്മിനു നൽകണമെന്ന് അഭ്യർഥിക്കാനാണ് അദ്ദേഹം പോയത്. കഴിഞ്ഞ ശനിയാഴ്ച സിപിഐ സെക്രട്ടറി ഡി.രാജയാണ് റാഞ്ചി ആശുപത്രിയിലെ പൊലീസ് കാവലുള്ള വാർഡിലെത്തിയത്. സിപിഐക്കു 2 സീറ്റെങ്കിലും ബിഹാറിൽ നൽകണം. മുന്നാക്ക ജാതിക്കാർക്കു സ്വാധീനമുള്ള ബീഗുസരായ് മണ്ഡലത്തിൽ വിദ്യാർഥിനേതാവായ കനയ്യകുമാറിനെ മൽസരിപ്പിക്കണമെന്നാണു സിപിഐയുടെ മോഹം. പക്ഷേ, ഈ സീറ്റ് കോൺഗ്രസും നോട്ടമിട്ടിട്ടുണ്ട്. ബിഹാറിൽ സിപിഐ എംഎൽ കൂടി സീറ്റ് ചോദിച്ചു  ലാലുവിനെ സമീപിച്ചേക്കാം. 

കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ റാലി നടക്കുമ്പോൾ, യച്ചൂരി ബംഗാളിലെ ഉത്തരദിനജ്‌പുരിലായിരുന്നു. താനും ജനങ്ങൾക്കിടയിലായിരുന്നുവെന്നാണു യച്ചൂരി പറഞ്ഞത്. കഴിഞ്ഞ മൂന്നു പൊതുതിരഞ്ഞെടുപ്പുകളിലെ വോട്ടുശതമാനക്കണക്കു കൾ നിരത്തിയാണ് കേരളവും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളോട് സിപിഎം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത്. 

അടുത്ത ലോക്‌സഭയിൽ തങ്ങളുടെ സാന്നിധ്യവും പ്രസക്തിയും വർധിപ്പിക്കാൻ വേണ്ടിയുള്ള ‘സീറ്റുവേട്ട’യിലാണു യച്ചൂരിയും രാജയും ഇരുവരുടെയും പാർട്ടികളും. 2004ൽ ലോക്സഭയിൽ 59 അംഗങ്ങൾ ഉണ്ടായിരുന്ന ഇടതുപാർട്ടികളുടെ സുവർണകാലം ഇനി മടങ്ങിവരാനിടയില്ലെന്ന് ഇരുനേതാക്കൾക്കും അറിയാം. എങ്കിലും, 2014ലെ ഡസൻ സീറ്റുകൾ എന്ന നിലയിൽനിന്നെങ്കിലും ഉയർച്ചവേണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇതാണ് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങി യുപി വരെയുള്ള സംസ്ഥാനങ്ങളിൽ തങ്ങൾക്കും സീറ്റ് തരണമെന്നു കോൺഗ്രസിനോടു സിപിഎം നിരന്തരം ആവശ്യപ്പെടുന്നത്. 

കോൺഗ്രസും ജാർഖണ്ഡ് മുക്തിമോർച്ചയും നയിക്കുന്ന ജാർഖണ്ഡിലെ 11 കക്ഷികളുടെ മുന്നണി സിപിഐക്ക് അവിടെ ഒരു സീറ്റ് നൽകാമെന്നു തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. സിപിഎമ്മിന് ഇല്ല. തമിഴ്നാട്ടിൽ, ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ഡിഎംകെയോട് രണ്ടു സീറ്റുകൾ വീതമാണു ചോദിക്കുന്നത്. 15 വർഷം മുൻപ് ഡിഎംകെ സഖ്യത്തിലായിരിക്കെ രണ്ടു സീറ്റുകളിൽ അവർ ജയിച്ചിട്ടുണ്ട്.  പക്ഷേ, സ്റ്റാലിൻ പറയുന്നത് ഇരുകക്ഷികൾക്കും ഓരോ സീറ്റ് വീതം എന്നാണ്. കാരണം, സഖ്യത്തിൽ കൂടുതൽ കക്ഷികൾക്കു പ്രാതിനിധ്യം നൽകേണ്ടതുണ്ട്. പക്ഷേ, 2014ൽ ഓരോ സീറ്റു വീതം തരാമെന്നു ജയലളിതയും പറഞ്ഞതാണെന്നും തങ്ങൾ ആ വാഗ്ദാനം നിരസിച്ചുവെന്നുമാണ് സിപിഐയും സിപിഎമ്മും വാദിക്കുന്നത്. അന്ന് തമിഴ്നാട്ടിലെ ആകെ 39 സീറ്റുകളിൽ 37 എണ്ണവും ജയലളിത നേടി.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും സിപിഎം ഓരോ സീറ്റിനുവേണ്ടി രംഗത്തുണ്ട്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിച്ച അവർ, രണ്ടു സീറ്റുകൾ നേടി ഭേദപ്പെട്ട പ്രകടനമാണു നടത്തിയത്. 2004ൽ അവിഭക്ത ആന്ധ്രയിൽ സിപിഐയും സിപിഎമ്മും ഓരോ സീറ്റ് വീതം നേടിയിരുന്നു. ഇപ്പോൾ ആന്ധ്രയിൽ ഓരോ സീറ്റു വീതമാണ് അവർ കോൺഗ്രസിനോടും തെലുങ്കുദേശത്തോടും ആവശ്യപ്പെടുന്നത്. തെലങ്കാന‍ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ടിഡിപി – കോൺഗ്രസ് വിശാലസഖ്യത്തിൽ സിപിഐ അംഗമായിരുന്നു. സിപിഎം ചെറു ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കി മൽസരിച്ചെങ്കിലും എല്ലായിടത്തും കെട്ടിവച്ച കാശുപോയി.

സിപിഐക്കും സിപിഎമ്മിനും ഇത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം മാത്രമല്ല, വരുന്നതു ത്രിശങ്കുസഭയാണെങ്കിൽ അവിടെ പ്രാധാന്യം നേടുകയും വേണം. ചിലപ്പോൾ മറ്റൊരു ശനിയാഴ്ച കൂടി ഇടതുപാർട്ടികൾ സീറ്റുചർച്ചയ്ക്കായി മാറ്റിവയ്ക്കേണ്ടി വന്നേക്കും; തങ്ങൾ ആഗ്രഹിക്കുന്നത്ര സീറ്റുകൾ ഓരോ സംസ്ഥാനത്തും ലഭിക്കുമോ ഇല്ലയോ എന്നറിയാൻ.