അതിരു തീരുമാനിക്കുമ്പോൾ...

റഷ്യയുടെയും ഫിൻലാൻഡിന്റെയും അതിർത്തി പുനർനിർണയിക്കുകയാണ്. ഒരു കർഷകന്റെ വയൽ രണ്ടായി മുറിച്ചാണ് അതിർത്തിരേഖ കടന്നുപോകുന്നത്. എവിടെ താമസിക്കണമെന്നു സ്വയം തീരുമാനിക്കാനുള്ള അവകാശം അധികാരികൾ അയാൾക്കു നൽകി. 

ആലോചനയ്‌ക്കുശേഷം അയാൾ ഫിൻലാൻഡിൽ താമസിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ റഷ്യൻ ഉദ്യോഗസ്ഥർ റഷ്യയിൽ താമസിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ വിവരിച്ചു. എല്ലാം കേട്ട കർഷകൻ പറഞ്ഞു, നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ, ഈ പ്രായത്തിൽ എനിക്ക് റഷ്യയിലെ മഞ്ഞുകാലം അതിജീവിക്കാനാകില്ല!  

പേരിനു മാത്രം നിശ്ചയിക്കുന്ന ചില പരിധികളുണ്ട് ജീവിതത്തിൽ; സന്മാർഗത്തിലും ശുചിത്വത്തിലും സമ്പാദ്യത്തിലുമെല്ലാം അതു തിരിച്ചറിയാം. സ്വകാര്യ ഇടങ്ങളെ വെടിപ്പുള്ളതാക്കാൻ പൊതു ഇടങ്ങളിലേക്കു ചവറുകൾ വലിച്ചെറിഞ്ഞ് സ്വന്തം അതിർത്തിക്കുള്ളിലെ പരിസരം മാത്രം സംരക്ഷിക്കും. വേലികെട്ടിയും വര വരച്ചും അതിരു തിരിക്കുമ്പോൾ ഇരുവശവുമുള്ള മണ്ണും മനസ്സും മഴയുമെല്ലാം ഒന്നാണെന്ന സാമാന്യബോധം പോലും നഷ്‌ടപ്പെടും. ഏതു മതിലിനാണ് കാലാവസ്ഥയെ വിഭജിക്കാനാവുക? അതിരുകൾ അർഥമുള്ളതാകണം. മാറ്റിനിർത്തേണ്ടവയുമായി അകൽച്ച സമ്മാനിക്കാൻ ശേഷിയുള്ളതാകണം. 

ഒരുപോലെ പ്രിയങ്കരമായവയിൽനിന്ന് ഒന്നെടുക്കാനുള്ള തീരുമാനത്തിലാണ് പലർക്കും ഉത്തരംമുട്ടുന്നത്. ഒന്നെടുത്തു എന്നതിന്റെ അർഥം രണ്ടാമത്തേത് അതിന്റെ എല്ലാ ഭംഗിയോടും സവിശേഷതയോടുംകൂടി ഉപേക്ഷിച്ചു എന്നുതന്നെയാണ്. തിരഞ്ഞെടുപ്പിന്റെ മറുപുറം നിരാകരണമാണ്. ഒന്നെടുക്കുമ്പോൾ മറ്റു നൂറെണ്ണം മാറ്റിനിർത്തണം. 

ഒരു വഴി തിരഞ്ഞെടുത്താൽ, അതിനാൽത്തന്നെ മറ്റ് ആയിരം വഴികളിലേക്കുള്ള വാതിലുകൾ അടഞ്ഞിട്ടുണ്ടാകും. അതിസൂക്ഷ്‌മമാകണം തിരഞ്ഞെടുപ്പും തീരുമാനവും. പുനർവിചിന്തനങ്ങൾക്കു സാധ്യതയില്ലാത്ത തീരുമാനങ്ങൾ കൊണ്ടാണ് ജീവിതത്തിന്റെ അടിത്തറയും മേൽക്കൂരയും നിർമിക്കപ്പെടുക.