വിദ്യാധനത്തിലെ മുതലും പലിശയും

ഭരണഭാഷ മലയാളമാകുന്നതിനു വളരെ മുൻപേ നമുക്ക് ഗ്രാമസേവകനും ഗ്രാമസേവികയുമുണ്ടായിരുന്നു.

മലയാളത്തിൽ സേവിക്കുന്നതിന് അന്തസ്സു പോരാ എന്നു കണ്ടെത്തിയതിനെ തുടർന്നാണ് ആ തസ്തിക വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായി ഇംഗ്ലിഷ് കുപ്പായമിട്ടത്. വിഇഒ എന്നു ചുരുക്കം.

റിട്ടയർമെന്റിനു ശേഷം എക്സ്റ്റൻഷൻ എന്ന നീട്ടൽ കിട്ടിയതാണെന്ന് ചിലരെങ്കിലും ധരിച്ചെങ്കിലും ഗ്രാമസേവനത്തിന്റെ അന്തസ്സുയർന്നു എന്നാണ് ചരിത്രം. ഇനിയിപ്പോൾ സ്കൂൾ വിദ്യാഭ്യാസത്തിലാണ് അതു സംഭവിക്കുക.

നാട്ടുകാർക്കു പ്രിയപ്പെട്ട ഹെഡ്മാസ്റ്റർമാരുടെ തലവെട്ടി പ്രിൻസിപ്പലാക്കണമെന്നാണ് സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ നിയോഗിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ ശുപാർശ.

നാലാം ക്ലാസ് വരെയുള്ള സ്കൂളിന് ലോവർ പ്രൈമറി പ്രിൻസിപ്പൽ, ഏഴുവരെ പ്രൈമറി പ്രിൻസിപ്പൽ‍, പത്തുവരെ ലോവർ സെക്കൻഡറി പ്രിൻസിപ്പൽ, 12 വരെയാണെങ്കിൽ സെക്കൻഡറി പ്രിൻസിപ്പൽ എന്നിങ്ങനെ തസ്തിക പുതുക്കി പഴയ ഹെഡ്മാസ്റ്ററെ ബെഞ്ചിനടിയിൽ ഒളിപ്പിക്കാനാണ് നിർദേശം.

പ്രി–പ്രൈമറിക്കു മാത്രമായി നയമുണ്ടാകണമെന്നു കമ്മിറ്റി പറഞ്ഞെങ്കിലും എൽകെജി പ്രിൻസിപ്പൽ, യുകെജി പ്രിൻസിപ്പൽ എന്നിങ്ങനെ വേണമെന്നു ശുപാർശ കണ്ടില്ല.

നിലത്തെഴുത്തു പഠിപ്പിക്കുന്ന ആശാൻ കളരിയിറങ്ങിപ്പോയതു ഭാഗ്യം. അല്ലെങ്കിൽ ഒരുപക്ഷേ, നിലത്തെഴുത്തു പ്രിൻസിപ്പൽ എന്നൊരു തസ്തികയുണ്ടായേനെ. കളരി പ്രിൻസിപ്പൽ എന്നു പേരിട്ടാൽ കളരിഅഭ്യാസം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ സഹിച്ചെന്നു വരില്ല.

അധ്യാപകരെ സാറേ, മാഷേ എന്നൊക്കെ വിളിക്കുന്നത് കുറ്റകരമാകുമോ എന്ന് കമ്മിറ്റി ശുപാർശയിൽ കണ്ടില്ല.

വനിതാ പ്രിൻസിപ്പലിനെ പ്രിൻസി എന്നു സ്നേഹത്തോടെ വിളിക്കുന്ന ചില കോളജുകൾ ഇപ്പോൾത്തന്നെയുള്ളതായി അപ്പുക്കുട്ടനറിയാം. സ്കൂളുകളിലേക്കും ആ വിളി പടർന്നുകൂടെന്നില്ല.

ഹെഡ്മാസ്റ്ററെ പടിക്കു പുറത്താക്കുന്നതോടെ വിദ്യാഭ്യാസ നിലവാരം ഉയരുമെന്ന കാര്യത്തിൽ കമ്മിറ്റിക്കു സംശയമൊന്നുമില്ല.

കമ്മിറ്റി തീർച്ചയായും നിഘണ്ടു നോക്കിയിട്ടുണ്ടാവണം. മുതലും പലിശയും എന്നതിലെ മുതൽ കൂടിയാണ് പ്രിൻസിപ്പൽ എന്നു കമ്മിറ്റി മനസ്സിലാക്കിയിട്ടുണ്ടാവും.

മുതൽ തീരുമാനമായാൽ പലിശ പിന്നാലെ വരും എന്ന സാമ്പത്തിക ശാസ്ത്രം വിദ്യാഭ്യാസത്തിനും ബാധകമാണെന്നർഥം.