എൻടിആർ സ്മരണ ഉണർത്തി നായിഡുവിനെതിരെ മോദി

അമരാവതി (ആന്ധ്രപ്രദേശ് )∙ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) സ്ഥാപകനായ എൻ.ടി രാമറാവു ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ വഞ്ചിക്കുകയാണ് അദ്ദേഹത്തിന്റെ മരുമകനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലുങ്ക് ആത്മാഭിമാനത്തിന്റെ പ്രതീകവും കോൺഗ്രസ് മുക്ത ഭാരതം പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു മുൻമുഖ്യമന്ത്രി എൻടിആർ എന്നും മോദി ബിജെപി പ്രവർത്തകരോട് വിഡിയോ കോൺഫറൻസിൽ പറഞ്ഞു.

കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ നായിഡുവിനെ രൂക്ഷമായി വിമർശിച്ച മോദി, ‘ഉദിച്ചുയരുന്ന ആന്ധപ്രദേശ്’ എന്ന സംസ്ഥാന സർക്കാരിന്റെ പ്രചാരണവാക്യത്തെ പരിഹസിച്ചു: ‘സംസ്ഥാനത്ത് സൂര്യാസ്തമയം ഉണ്ടായി സ്വന്തം മകന്റെ ഉദയമാണ് നായിഡു ആഗ്രഹിക്കുന്നത്’.

സുവർണ ആന്ധപ്രദേശ് എന്ന രാമറാവുവിന്റെ സ്വപ്നം സഫലമാകണമെങ്കിൽ സംസ്ഥാനത്തെ ഓരോ പൗരനിലും വികസനത്തിന്റെ ഗുണഫലം എത്തണം, ഒരു കുടുംബത്തിനല്ല– നായിഡു കുടുംബത്തെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി പറഞ്ഞു. ആന്ധ്രയുടെ പ്രത്യേക പദവി പ്രശ്നത്തിൽ കഴിഞ്ഞവർഷമാണ് ടിഡിപി, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിട്ടത്.