മധ്യപ്രദേശിൽ 121 പേരുടെ പിന്തുണ; സ്പീക്കർ സ്ഥാനം കോൺഗ്രസിന്

ഭോപാൽ∙ മധ്യപ്രദേശ് നിയമസഭാ സ്പീക്കറായി കോൺഗ്രസ് അംഗം നർമദ പ്രസാദ് പ്രജാപതിയെ തിരഞ്ഞെടുത്തു. ബിജെപി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചു.

ശബ്ദവോട്ടെടുപ്പിൽ പ്രജാപതിക്ക് 120 വോട്ടുകൾ കിട്ടി. പ്രോട്ടെം സ്പീക്കറായ കോൺഗ്രസിന്റെ ദീപക് സക്സേന വോട്ടു ചെയ്തില്ല. അതുകൂടി കൂട്ടിയാൽ കോൺഗ്രസ് സർക്കാരിന് 121 പേരുടെ പിന്തുണ ലഭിച്ചു. 230 അംഗ സഭയിൽ കോൺഗ്രസിന് ഒറ്റയ്ക്കു 114 എംഎൽഎമാരാണുള്ളത്. 

ബിജെപിക്ക് 109 ഉം. ബിഎസ്പി (2), എസ്പി (1), സ്വതന്ത്രർ (4) എന്നിവരുൾപ്പെട്ട ബാക്കി 7 എംഎൽഎമാരും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ചു. സ്പീക്കർ സ്ഥാനത്തേക്ക് ആദ്യം ഭരണപക്ഷത്തിന്റെ നാമനിർദേശം സ്വീകരിക്കുമെന്നും പിന്നീട് പ്രതിപക്ഷത്തിന്റെ കാര്യം ആലോചിക്കാമെന്നുമുള്ള പ്രോട്ടെം സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബിജെപി സഭ ബഹിഷ്കരിച്ചത്.

തങ്ങളുടെ എംഎൽഎയായ കേദാർ ഖുഷ്‍വാഹയെ ചാക്കിലാക്കാൻ ബിജെപി ശ്രമിച്ചതായി കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് ആരോപിച്ചു. മുൻ ബിജെപി മന്ത്രി നരോത്തം മിശ്രയുടെ നേതൃത്വത്തിൽ ഖുഷ്‍വാഹയെ തട്ടിക്കൊണ്ടു പോയി 100 കോടി രൂപ നൽകാൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.