ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന്.. കുംഭമേളയ്ക്ക് ആഘോഷത്തുടക്കം

പ്രയാഗ്‍രാജ് (അലഹബാദ്) ∙ പ്രാർഥനയുടെ പാലാഴിയായി കുംഭമേളയ്ക്ക് ആഘോഷത്തുടക്കം. ‘ഹർ ഹർ ഗംഗേ’ സ്തുതികളുമായി അദ്യദിനം ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്നത് 1.4 കോടി ഭക്തർ. ലോകത്തിലെ ഏറ്റവും വലിയ തീർഥാടനോൽസവങ്ങളിലൊന്നായ കുംഭമേളയിൽ മകരസംക്രാന്തി ദിനം തന്നെ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 50 നാൾ നീളുന്ന മഹാമേളയിൽ അഭൂതപൂർവമായ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. 12 കോടി പേ‍ർ വന്നെത്തുമെന്നാണ് അനുമാനം.

അർധ കുംഭമേളയെന്നാണു പരമ്പരാഗതമായി വിളിച്ചുപോരുന്നതെങ്കിലും ‘കുംഭ്’ എന്നു മാത്രമായി മേളയെ അടുത്തിടെ പുനർനാമകരണം ചെയ്തിരുന്നു. പ്രയാഗ്‌രാജ് എന്നു പേരുമാറ്റിയ അലഹബാദിൽ, ഗംഗയും യമുനയും പുരാണപ്രസിദ്ധമായ സരസ്വതിയും ഒന്നാകുന്ന പവിത്രസംഗമസ്ഥാനത്തു സ്നാനത്തിനെത്തുന്നവരിൽ സാധാരണക്കാരും സന്ന്യാസിമാരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെയുൾപ്പെടെ പ്രമുഖരുമുണ്ടാകും. ‘കുംഭ നഗരി’യെന്നു വിശേഷിപ്പിക്കപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ താൽകാലിക നഗരിയിൽ പുലരിമഞ്ഞും തണുപ്പും വകവയ്ക്കാതെയാണ് ഇന്നലെ ജനക്കൂട്ടമെത്തിയത്.

സന്ന്യാസിസംഘങ്ങൾ ഊഴം വച്ച്, പാട്ടും നൃത്തവും പ്രാർഥനാലാപനങ്ങളുമായി ആഘോഷപൂർവം ഘോഷയാത്രയായെത്തി. 13 സംഘങ്ങളിൽ ഓരോരുത്തർക്കും മുക്കാൽ മണിക്കൂർ വീതമാണു സമയം അനുവദിച്ചിരുന്നത്. മഹാനിർവാണി, അടൽ അഖാരകൾക്കായിരുന്നു ആദ്യാവസരം. ദേഹമാസകലം ഭസ്മം പൂശിയ നാഗാ സാധുക്കളുടെ വൻസംഘം പിന്നാലെയെത്തി.