മിലിട്ടറി പൊലീസിലും ഇനി വനിതകൾ

ന്യൂഡൽഹി ∙ കന്റോൺമെന്റുകൾ, സേനാ ആസ്ഥാനങ്ങൾ, സൈനിക വാഹനങ്ങളുടെ നീക്കം എന്നിവയ്ക്കു സുരക്ഷയൊരുക്കുന്ന കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗത്തിൽ വനിതകളെ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ജവാൻമാരുടെ തസ്തികയിലാണു വനിതകളെ നിയോഗിക്കുക.

സേനയിൽ ഓഫിസർ റാങ്ക് പദവിക്കു കീഴിൽ ഇതാദ്യമായാണു വനിതകളെ ഉൾപ്പെടുത്തുന്നതെന്നും ചരിത്രപരമായ തീരുമാനമാണിതെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 800 വനിതകളെ മിലിട്ടറി പൊലീസിന്റെ ഭാഗമാക്കും. ഓരോ വർഷവും 52 പേരെ വീതം ചേർക്കും.

വനിതാ ജവാൻമാരെ സേനയുടെ ഭാഗമാക്കാനുള്ള നീക്കം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മിലിട്ടറി പൊലീസിൽ വൈകാതെ നിയമനമുണ്ടാകുമെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാൽ, അതിർത്തിയിലെ യുദ്ധമുന്നണിയിൽ വനിതാ ജവാൻമാരെ നിയോഗിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കരസേനയുടെ ആരോഗ്യ, നിയമ, വിദ്യാഭ്യാസ, സിഗ്‌നൽ, എൻജിനീയറിങ് വിഭാഗങ്ങളിൽ വനിതകൾ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നുണ്ട്.