മനുഷ്യക്കടത്ത്: ഡൽഹിയിൽ ഒരാൾ കൂടി പിടിയിൽ

ന്യൂഡൽഹി∙ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇവിടെ ഒരാൾകൂടി പൊലീസ് പിടിയിലായി. തമിഴ് വംശജനും മദംഗറിലെ താമസക്കാരനുമായ രവി രാജ (31)യെയാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹി അംബേദ്ക്കർ നഗർ കോളനിക്കടുത്താണ് മദംഗർ.

വർഷങ്ങളായി ഇവിടെ താമസക്കാരനായ രവി രാജ ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. നിരന്തരം ചെന്നൈയിലേക്കു യാത്ര നടത്താറുള്ള ഇയാൾക്കു മനുഷ്യക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. രവി രാജ വഴിയാണ് അംബേദ്കർ നഗർ കോളനിയിലുള്ളവരും ഏജന്റുമാരുടെ കെണിയിൽപ്പെട്ടതെന്നു കരുതുന്നു. നേരത്തെ കസ്റ്റഡിയിലായ പ്രഭു ദണ്ഡവാണിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.