രാഹുൽ ഇന്നെത്തും; ബൂത്ത് ഭാരവാഹി യോഗത്തിൽ പങ്കെടുക്കാൻ അര ലക്ഷം പേർ

കൊച്ചി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു കൊച്ചിയിൽ. ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അനൗദ്യോഗിക പ്രചാരണത്തുടക്കം കൂടിയാകും ഇന്നു 3നു മറൈൻ ഡ്രൈവിൽ ചേരുന്ന സമ്മേളനം.

ഉച്ചകഴിഞ്ഞ് 1.35നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, അന്തരിച്ച എം.ഐ. ഷാനവാസിന്റെ ബന്ധുക്കളെ സന്ദർശിക്കും. തുടർന്ന് ഗെസ്റ്റ് ഹൗസിലേക്കു പോകും. 3നു കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. 50,000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണു വിലയിരുത്തൽ.

കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ഉമ്മൻചാണ്ടി, ‌കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

4.30നു ഗെസ്റ്റ് ഹൗസിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടക്കും. ഒരു മണിക്കൂർ നീളുന്ന കൂടിക്കാഴ്ച മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള ഇഴയടുപ്പവും സ്വന്തം കരുത്തിലുള്ള ആത്മവിശ്വാസവും വർധിപ്പിക്കാൻ ഉതകുമെന്നാണു കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.