കുംഭമേളയ്ക്കും ക്ഷേത്രങ്ങൾക്കും പണം നൽകിയതുകൊണ്ട് രാജ്യം വികസിക്കില്ല: യോഗിയെ ആക്രമിച്ച് ഫുലെ

ബഹ്റൈക്∙ ഭരണഘടന നടപ്പാക്കാതെ കുംഭമേള നടത്തിയതുകൊണ്ടോ ക്ഷേത്രങ്ങൾക്കു പണം വകയിരുത്തിയതുകൊണ്ടോ രാജ്യം വികസിക്കില്ലെന്നു ബിജെപി മുൻ നേതാവ് സാവിത്രിഭായ് ഫുലെ. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനുനേരെ ശക്തമായ ആക്രമണമാണു ഫുലെ നടത്തിയത്. സ്വന്തം അവകാശങ്ങൾക്കും ജോലിക്കുമായി പട്ടിക വിഭാഗക്കാർ പോരാടുകയാണ്. എന്നാൽ യുപി സർക്കാർ കുംഭമേളയുടെ പേരിലും ക്ഷേത്രങ്ങളുടെ പേരിലും കോടികൾ ചെലവഴിക്കുകയാണ്, അവർ കൂട്ടിച്ചേർത്തു.

ഇപ്പറഞ്ഞവയ്ക്കു പട്ടികവിഭാഗത്തിലെ ജനങ്ങളെയോ മുസ്‌ലിം വിഭാഗത്തെയോ തീറ്റിപ്പോറ്റാനാകുമോ? ‌സർക്കാരിനു ജനങ്ങളുടെ ശ്രദ്ധ മാറ്റണം. അതിനാണ് ഇത്തരം പരിപാടികൾ. രാജ്യത്തെ ഭരിക്കാൻ ദൈവത്തിനോ ക്ഷേത്രങ്ങൾക്കോ കഴിയില്ല, ഭരണഘടനയ്ക്കേ കഴിയൂ. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായി തകർന്ന സ്ഥിതിയിലാണ്. ഭരിക്കാനുള്ള കഴിവില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചുകഴിഞ്ഞു. അതിനുള്ള ഉദാഹരണം വിവിധ വാർത്തകളിലൂടെ പുറത്തുവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ബിജെപി സമൂഹത്തെ വിഭജിക്കുകയാണെന്നും സംവരണ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ച് ഡിസംബർ ആറിനാണ് ഫുലെ പാർട്ടിയിൽനിന്നു രാജിവച്ചത്. 2014ൽ ബഹ്റൈക് ലോക്സഭാ മണ്ഡലത്തിൽനിന്ന് ഇവർ വിജയിച്ചിരുന്നു.