സുബോധ് കുമാറിന്റെ കൈവിരലുകൾ കോടാലിക്ക്‌ മുറിച്ചു; ബുലന്ദ്ശഹർ കേസിൽ ഒരാൾക്കൂടി പിടിയിൽ

ലക്നൗ∙ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കോടാലി ഉപയോഗിച്ച് ആക്രമിച്ചയാൾ പിടിയിൽ. കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൈവിരലുകൾ കോടാലി ഉപയോഗിച്ച് മുറിച്ച കലുവയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വിരലുകൾ മുറിക്കുക കൂടാതെ ഇയാൾ കോടാലി വച്ച് തലയിൽ മുറിവേൽപ്പിക്കുക കൂടി ചെയ്തിരുന്നു. ഡിസംബർ മൂന്നിനായിരുന്നു സുബോധ് കുമാർ കൊല്ലപ്പെട്ടത്.

പാടത്ത് ഉപേക്ഷിക്കപ്പെട്ട എസ്‌യുവിയിലാണു സുബോധ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 20ൽ അധികം പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായാണ് സുബോധ് കുമാറുൾപ്പെടുന്ന പൊലീസ് സംഘം ബുലന്ദ്ശഹറിലെത്തിയത്. 400ൽ അധികം പേരാണ് സുബോധ് കുമാറിനെ ആക്രമിച്ചത്. കല്ലുകൾ കൊണ്ടും വടികൾ കൊണ്ടും മർദിച്ചു. പരുക്കേറ്റ അദ്ദേഹവുമായി പോയ വാഹനം തടഞ്ഞുനിർത്തിയും ആക്രമണം അഴിച്ചുവിട്ടു. ഈ ആക്രമണങ്ങളിൽ പ്രദേശത്തെ ഒരു ഇരുപതുകാരനും കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്.

സുബോധ്കുമാറിനെ പോയിന്റ് ബ്ലാങ്കിൽ തലയ്ക്കുനേരെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇനി സുബോധ് കുമാറിൽനിന്ന് സർവീസ് റിവോൾവർ തട്ടിയെടുത്ത ജോണിയെന്നയാളെയും പൊലീസ് തിരയുന്നുണ്ട്. ഇവരെല്ലാവരും ബുലന്ദ്ശഹർ നിവാസികളാണ്. ഇവരുടെ പങ്കു പുറത്തുകൊണ്ടുവന്നത് ആക്രമണത്തിനിടെ മൊബൈലിൽ പകർത്തിയ വിഡിയോയായിരുന്നു.

ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. സുബോധ് കുമാറിന്റെ കൊലപാതകത്തിനുപിന്നിൽ പ്രവർത്തിച്ചതെന്നു കരുതുന്ന ജിതേന്ദ്ര മാലിക് എന്ന സൈനികനെ ഡിസംബർ 9ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.