പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്‌; സ്വതന്ത്രനായി മത്സരിക്കും

ബെംഗളൂരു∙ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച താരങ്ങളുടെ കൂട്ടത്തിലേക്കു പുതുവർഷത്തിൽ ചുവടുവച്ച് നടൻ പ്രകാശ് രാജ്. രജനീകാന്തിനും കമൽഹാസനും പിന്നാലെയാണു ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായ പ്രകാശ് രാജും രാഷ്ട്രീയത്തിൽ പയറ്റാനിറങ്ങുന്നത്.

‘ഏവർ‌ക്കും പുതുവത്സരാശംസകൾ. പുതിയ തുടക്കം, കൂടുതൽ ഉത്തരവാദിത്തം. ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തിരഞ്ഞെടുക്കുകയെന്നതു വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. നിങ്ങളുടെ പിന്തുണ വേണം’– ട്വിറ്ററിൽ പ്രകാശ് രാജ് അറിയിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലതുപക്ഷത്തിനും എതിരെ നിരന്തരം വിമർശനങ്ങളുന്നയിക്കുന്ന വ്യക്തിയാണു പ്രകാശ് രാജ്. സുഹൃത്തും കന്നട മാധ്യമപ്രവർത്തകയുമായ ഗൗരി ലക്ഷ്മിയുടെ കൊലപാതകത്തിനു പിന്നാലെ ആക്രമണങ്ങൾക്കു മൂർച്ച കൂടി. മോദിയുടെ മൗനങ്ങളെ വിമർശിച്ച താരം, കേരളത്തിനു മതിയായ പ്രളയ ദുരിതാശ്വാസം നൽകാതെ 3000 കോടി ചെലവിട്ടു പട്ടേൽ പ്രതിമ നിർമിച്ചതിനെതിരെയും രംഗത്തുവന്നിരുന്നു.