കാരൾ സംഘത്തിനെതിരായ അക്രമം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോട്ടയം∙ പാത്താമുട്ടത്ത് സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന കാരൾ സംഘത്തിനെതിരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തത്.

സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയും കലക്‌ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ക്രിസ്മസ് കാരളുമായി പോകുമ്പോൾ ഡിവൈഎഫ്ഐ സംഘത്തിന്റെ ആക്രമണത്തിന് ഇരകളായ ആറു കുടുംബങ്ങളിലെ 25 പേർ ഒൻപതു ദിവസമായി കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലാണു താമസം.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാരൾ സംഘത്തിനു നേരെ ഡിസംബർ 23ന് രാത്രിയാണ് ആക്രമണമുണ്ടായത്. ബിടെക് വിദ്യാർഥിനിയായ യമിയയ്ക്ക് കല്ലേറിൽ കണ്ണിനുതാഴെ പരുക്കേറ്റു. കാരൾ സംഘം രക്ഷപ്പെടാനായി കയറിയ പള്ളിക്കു നേരെയും ആക്രമണമുണ്ടായി. 7 യുവാക്കൾ അറസ്റ്റിലായെങ്കിലും എല്ലാവരും ജാമ്യം കിട്ടി പുറത്തിറങ്ങി.