ടാക്സി ഡ്രൈവർ കുപ്പായത്തിൽ പൊലീസ്, ഹാഷിഷ് ഓയിൽ സംഘത്തെ കേരള പൊലീസ് കുരുക്കിയ കഥ

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിലൂടെ മാലിയിലേക്കു കടത്താനെത്തിച്ച ഹാഷിഷ് ഓയിൽ കേരള പൊലീസ് പിടികൂടിയത് രഹസ്യ നീക്കങ്ങളിലൂടെ. മാലിയിൽ നിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. നാലു ദിവസം പ്രതികൾ ഷാ‍ഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുവേള ടാക്സി ഡ്രൈവറുടെ വേഷത്തിലും പൊലീസ് ഇവർക്കൊപ്പം കൂടി. ഇവർ കടന്നുകളയാനുള്ള സാധ്യത മനസിലാക്കിയ പൊലീസ് വാളയാർ മുതൽ തന്നെ അവരെ പിന്തുടർന്നു. ഇതിനു പിന്നാലെ കൊച്ചിയിലെ ഒരു ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ മറ്റു പ്രതികൾക്കൊപ്പമാണ് ലഹരി വസ്തുക്കളും പിടികൂടിയത്.

വർഷങ്ങളായി മാലി ഉൾപ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലൂടെ ഇവർ ലഹരി കടത്തിയിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തായ്‍ലൻഡ്, സിങ്കപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഇവർ ഡിസംബർ മാസം തന്നെ നിരവധിത്തവണ യാത്ര ചെയ്തത് പൊലീസ് കണ്ടെത്തി. ഓരോത്തവണയും കേരളത്തിലെത്തി മരുന്ന് സംഘടിപ്പിച്ച് കാരിയർ വഴി മാലിയിലേക്കു കടത്തുന്നതായിരുന്നു ഇവരുടെ രീതി. ഹാഷിഷ് പിടികൂടിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയാണ് ലഹരിമരുന്ന് കാരിയറായി എത്തിയത്. ഇയാൾക്ക് പിടിയിലായ മറ്റ് അംഗങ്ങളെക്കുറിച്ച് കാര്യമായ ധാരണയില്ലെന്ന് പൊലീസ് പറയുന്നത്. ഒരു മൊബൈൽ നമ്പർ വഴിയുള്ള ബന്ധം മാത്രമാണുള്ളത്. മാലിയിൽ എത്തിയാൽ വിളിക്കാൻ പറഞ്ഞ് ഒരു നമ്പർ നൽകിയിരുന്നു. ഇത് പൊലീസ് കണ്ടെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം കേരളത്തിൽ ലഹരി മരുന്ന് എത്തിച്ചതിന്റെ വിവരങ്ങളും ഉറവിടവും കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികൾ നേരിട്ട് ഇടപാട് നടത്തിയിട്ടുള്ളതിനാൽ ഹാഷിഷ് ഓയിലിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് പൊലീസിന്. തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് എത്തിച്ചതാണ് ഹാഷിഷ് ഓയിൽ. ഇത് നെടുമ്പാശേരി വഴി കടത്താനുള്ള പ്രതികളുടെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്.  സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കാനായത്. വിനോദസഞ്ചാരികൾ എന്ന വ്യാജേന നഗരത്തിലെ പല ഹോട്ടലുകളിലായി താമസിച്ചു വരികയായിരുന്ന പ്രതികൾ.

വാട്സാപ് ഗ്രൂപ്പിലെ കോനാ ഗോൾഡ്

ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട്, സിങ്കപ്പൂർ ആസ്ഥാനമാക്കി  പ്രവർത്തിക്കുന്ന വൻകിട ലഹരിക്കടത്തു സംഘമാണു ‘കോനാ ഗോൾഡ്’ എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇതേ പേരിലുള്ള വാട്സാപ് ഗ്രൂപ്പിന്റെ വിശദാംശങ്ങൾ പ്രതികളുടെ ഫോണിൽ നിന്നു പൊലീസ് ശേഖരിച്ചു. പിടിയിലായ 3 മാലദ്വീപുകാരും ഗ്രൂപ്പിൽ അംഗങ്ങളാണ്. ഷിഫാഫ് ഇബ്രാഹിമാണു ഗ്രൂപ്പിന്റെ നേതാവ്. ഇയാൾ, മാലദ്വീപ് കേന്ദ്രീകരിച്ചു ലഹരിക്കടത്തു നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണു ഷാഡോ പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. പിടിയിലായ തമിഴ്നാട് സ്വദേശി ആന്റണി സ്വാമി കാരിയറും. മാലദ്വീപിൽ ഡ്രൈവറായി ജോലി ചെയ്യുകയാണിയാൾ. മുംബൈയിൽ നിന്നടക്കം സംഘം ലഹരിക്കടത്തു നടത്തിയതായി വാട്സാപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ 26നു കൊച്ചിയലെത്തിയ സംഘം ഇതിനിടെ ആലപ്പുഴയടക്കമുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിരുന്നു. അപ്പോഴെല്ലാം പൊലീസ് ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് ലഹരിമരുന്ന് ആന്റണി സാമിയുടെ കൈയിൽ കൊടുത്തുവിട്ട ശേഷം മറ്റു മൂന്നു പേർ മൈസൂരുവിലേക്കു കടക്കാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സ്‌റ്റേഷന്‍ ഇൻസ്പെക്ടർ എ. അനന്തലാൽ, ഷാഡോ എസ്ഐ എ.ബി.വിബിൻ, സിപിഒ മാരായ അഫ്സൽ, ഹരിമോൻ, സാനു, വിനോദ്,സനോജ്, സാനുമോൻ, വിശാൽ, സുനിൽ, അനിൽ, യൂസഫ് എന്നിവരാണു നഗരത്തിലെ ഒരു ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്നു പ്രതികളെ പിടികൂടിയത്.