വനിതാമതിലിന് ആളെക്കൂട്ടാൻ കഴിഞ്ഞില്ല; പൊതുസമൂഹം തള്ളിക്കളഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ഔദ്യോഗിക മെഷിനറി പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതിലില്‍ ആളെക്കൂട്ടാന്‍ സിപിഎം കൊണ്ടുപിടിച്ച ശ്രമമാണു നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചതു പോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ല–ചെന്നിത്തല ആരോപിച്ചു.

നഗരപ്രദേശങ്ങളില്‍ മതിലിനു വാഹനങ്ങളില്‍ ആളെ എത്തിച്ചുവെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും മതില്‍ പൊളിയുകയാണുണ്ടായത്. മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നേരെ വ്യാപക ഭീഷണിയുണ്ടായി. സര്‍ക്കാര്‍ ഓഫിസുകള്‍ ഉച്ചയ്ക്കുശേഷം  അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ വാഹനങ്ങളെല്ലാം മതിലിനു വേണ്ടി ഉപയോഗപ്പെടുത്തി. ഓദ്യോഗിക സംവിധാനം ഇത്രയേറെ ദുരുപയോഗപ്പെടുത്തിയ മറ്റൊരു അവസരം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വനിതാമതിൽ ഒരു ചലനവും സൃഷ്ടിച്ചില്ല: മുല്ലപ്പള്ളി

അധികാര–ധന ദുര്‍വിനിയോഗങ്ങൾ നടത്തി കെട്ടിയ വനിതാമതില്‍ കേരളത്തില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതിലാണെന്നത് ഊട്ടിയുറപ്പിച്ചു. ശിവഗിരി തീര്‍ഥാടനത്തെ അലങ്കോലപ്പെടുത്തി. 

ബന്ദിനു സമാനമായ സാഹചര്യം സൃഷ്ടിച്ചാണു മതില്‍ കെട്ടിയത്. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫിസുകളിലും അപ്രഖ്യാപിത അവധിയായിരുന്നു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ആജ്ഞയ്ക്കു കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നും മുല്ലപ്പള്ളി പറഞ്ഞു.