ദര്‍ശനത്തിനു പൊലീസ് സുരക്ഷ ഒരുക്കി; ഭക്തര്‍ പ്രതിഷേധിച്ചില്ല: ബിന്ദു

പത്തനംതിട്ട ∙ ശബരിമലയില്‍ ദര്‍ശനം നടത്തിയതു പൊലീസ് സുരക്ഷയിലെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു വ്യക്തമാക്കി. സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും ബിന്ദു പറഞ്ഞു. യാതൊരു വിധ പ്രതിഷേധവും ഭക്തരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അവിടെനിന്നു പോലീസ് സംരക്ഷണത്തിലാണ് സന്നിധാനത്ത് എത്തിയത്.

നിലയ്ക്കലില്‍ എത്തിയാല്‍ അവിടെനിന്നു സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കിയിരുന്നു. ഒന്നരയോടെയാണ് പമ്പയില്‍നിന്നു മലകയറിയത്. 3.30-ന് സന്നിധാനത്തെത്തി. സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ചില ഭക്തര്‍ ഞങ്ങളെ തിരിച്ചറിഞ്ഞു. എന്നാല്‍ യാതൊരു പ്രതിഷേധവും ഉണ്ടായില്ല. ഇത്തവണ പിന്തിരിപ്പിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നു ശ്രമമൊന്നും ഉണ്ടായില്ലെന്നും ബിന്ദു പറഞ്ഞു. ദര്‍ശനത്തിനു ശേഷം സുരക്ഷിതമായി മലയിറങ്ങിയെന്നും ബിന്ദു വ്യക്തമാക്കി. ഡിസംബര്‍ 24-ന് ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിനും മലപ്പുറം സ്വദേശിനി കനകദുര്‍ഗയ്ക്കും കനത്ത പ്രതിഷേധം മൂലം തിരിച്ചിറങ്ങേണ്ടിവന്നിരുന്നു.