കല്ലേറുണ്ടായപ്പോൾ പൊലീസ് ഇടപെട്ടില്ലെന്ന് മരിച്ചയാളുടെ ഭാര്യ; മൂന്നുപേർ കസ്റ്റഡിയിൽ

പത്തനംതിട്ട∙ പന്തളത്ത് കല്ലേറുണ്ടായപ്പോൾ പൊലീസ് ഇടപെട്ടില്ലെന്നു മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബം ആരോപിച്ചു. കർമസമിതിയുടെ പ്രതിഷേധപ്രകടനം സമാധാനപരമായിരുന്നു. പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നു ചന്ദ്രന്റെ ഭാര്യ മനോരമ ന്യൂസിനോടു പറഞ്ഞു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണു ബുധനാഴ്ച ശബരിമല കര്‍മസമിതിയുടെയും സിപിഎമ്മിന്‍റെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മരിച്ചത്.

അതേസമയം, ചന്ദ്രൻ മരിച്ച സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പന്തളം സ്വദേശികളായ കണ്ണൻ, ഹാരിസ്, അജു എന്നവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഏരിയാ കമ്മിറ്റി ഓഫിസിന്റെ മുകളിൽ നിന്ന് കല്ലെറിയുന്ന ദൃശ്യങ്ങളിൽ ഇവർ ഉണ്ടായിരുന്നു എന്നാണ് വിവരം. ചന്ദ്രന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. സിപിഎം ഓഫിസിനു മുകളില്‍നിന്നു കല്ലേറുണ്ടാവുകയായിരുന്നുവെന്നു കര്‍മസമിതി പ്രവർത്തകർ ആരോപിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്തു പന്തളത്തും സമീപപ്രദേശങ്ങളിലും പൊലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി.