എഎസ്ഐ കണ്ണൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ

കണ്ണൂർ∙ രാമങ്കരി പൊലീസ് സ്റ്റേഷനിൽ നിന്നു ശബരിമല ഡ്യൂട്ടിക്കു പോയ ശേഷം കാണാതായ എഎസ്ഐയെ കണ്ണൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ പാതിരപ്പള്ളി ഇട്ടിക്കുന്നത്ത് ഐ.ജി.അഗസ്റ്റിനാ (55) ണു മരിച്ചത്. നവംബർ 29നു ശബരിമല ഡ്യൂട്ടിക്കു പോയെങ്കിലും ശബരിമലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. അഗസ്റ്റിനെ കാൺമാനില്ലെന്നു ഭാര്യ രാമങ്കരി പൊലീസിൽ പരാതി നൽകിയിരുന്നു.

ലോഡ്ജിലെ മുറി അടഞ്ഞുകിടക്കുന്നതു കണ്ടതിനെ തുടർന്നു ഇന്നു രാവിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിഷം അകത്തു ചെന്ന് അഗസ്റ്റിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.

കണ്ണൂർ കോടതിയിൽ ജോലി ചെയ്യുന്ന മകനെ കാണാൻ രണ്ടു ദിവസം മുൻപാണു കണ്ണൂരിലെത്തിയതെന്നു പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നു സംശയിക്കുന്നതായി പൊലീസ്. പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.