മൂന്നാമത്തെ യുവതി ശബരിമല കയറിയപ്പോള്‍ ഹർത്താലില്ലേ: പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ശബരിമലയിൽ കയറിയ യുവതികളെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു ഭക്തര്‍ക്കൊപ്പം മലകയറിയാണ് അവര്‍ സന്നിധാനത്തെത്തിയതും പ്രാര്‍ഥിച്ചതും. കിളിമാനൂര്‍ കൊടുവഴന്നൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവതികളെത്തിയതു ശബരിമലയില്‍ ഉണ്ടായിരുന്ന ഭക്തര്‍ മഹാപരാധമായി കണ്ടില്ല. ഭക്തര്‍ അവര്‍ക്ക് തടസ്സമുണ്ടാക്കിയില്ല. സൗകര്യം ചെയ്തു കൊടുത്തു. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. പ്രതിഷേധം സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണ്. രണ്ടു യുവതികള്‍ ശബരിമല കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തി. മൂന്നാമതൊരാള്‍ കയറിയപ്പോള്‍ ഹർത്താൽ നടത്തുന്നില്ലേ? യുവതി കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവ് ഇപ്പോഴും ഇവിടെയുണ്ട്.

സംഘപരിവാറാണ് അക്രമം അഴിച്ചുവിട്ടത്. അവര്‍ക്കു ബഹുജന പിന്തുണയില്ല. സഹികെട്ടപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ച്‌ അവരെ തിരിച്ചയച്ചതും കണ്ടു. സര്‍ക്കാര്‍ ഓഫിസുകളും പാര്‍ട്ടി ഓഫിസുകളും അക്രമികള്‍ തകര്‍ത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശ്യം? സംസ്ഥാനത്ത് പ്രശ്നമാണെന്നു വരുത്തിത്തീര്‍ക്കണം.

ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തുല്യാവകാശവുമായി ബന്ധപ്പെട്ടതാണ്. ജാതീയമായ ധ്രുവീകരണം ഇവിടെ നടക്കില്ല. 8, 9 തീയതികളില്‍ കടയടക്കണമെന്നു ട്രേഡ് യൂണിയനുകള്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ല. കടയടക്കണോ വേണ്ടയോ എന്ന് വ്യാപാരികള്‍ക്കു തീരുമാനിക്കാം– മുഖ്യമന്ത്രി പറഞ്ഞു.