20 മിനിറ്റ് മുൻപ് എത്തണം; വിമാനത്താവളത്തിലെ പോലെ പരിശോധന; മാറാൻ റെയിൽവെ

ന്യൂഡൽഹി ∙ പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് എത്തണം. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ, ബോർഡിങ്ങിനു മുൻപായി നിരവധി സുരക്ഷാ പരിശോധനകള്‍. പറഞ്ഞു വരുന്നത് ഏതെങ്കിലും വിമാനത്താവളത്തെ കുറിച്ചല്ല, നമ്മുടെ റെയിൽവെ സ്റ്റേഷനുകളെപ്പറ്റിയാണ്. വിമാനത്താവള മാതൃകയിൽ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകൾ വർധിപ്പിക്കാൻ റെയിൽ‌വെ തീരുമാനിച്ചതായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രയാഗ്‌രാജ് റെയിൽവെ സ്റ്റേഷനിൽ നടപ്പാക്കി. ഈ മാസം ആരംഭിക്കുന്ന കുംഭമേളയ്ക്കുള്ള തിരക്കു പരിഗണിച്ചാണ് ഇവിടെ തിരഞ്ഞെടുത്തത്. കർണാടകയിലെ ഹൂബ്ലി സ്റ്റേഷനിൽ ഉൾപ്പെടെ അദ്യഘട്ടത്തിൽ 202 റെയിൽവെ സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കുമെന്ന് അരുൺ കുമാർ പറഞ്ഞു.

സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കുകയാണു പദ്ധതിയുടെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി സ്റ്റേഷനുകളിലെ മുഴുവൻ പ്രവേശന കവാടങ്ങളും ആർപിഎഫിന്റെ നിയന്ത്രണത്തിലാക്കും. പ്രവേശനം മിക്കവാറും ഒരു കവാടത്തിലൂടെ മാത്രമാക്കാൻ‍ ശ്രമിക്കും. എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് എത്തണം. പരിശോധനകൾ മൂലം യാത്ര വൈകാതിരിക്കുന്നതിനു വേണ്ടിയാണിത്.

ഇന്റർഗ്രേറ്റഡ് സെക്യൂരിറ്റി സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് 2016–ൽ അനുമതി ലഭിച്ചിരുന്നു. പൂർണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 385 കോടിയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സിസിടിവി ക്യാമറകൾ, പ്രവേശന നിയന്ത്രണ സംവിധാനങ്ങൾ, വ്യക്തികൾക്കും ബാഗേജുകൾക്കും ആവശ്യമായ സ്ക്രീനിങ് സിസ്റ്റം, ബോംബ് കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള ഉപകരണങ്ങൾ തുടങ്ങിയവ ഒരുക്കും. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫെയ്സ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയർ സംവിധാനവും ആർപിഎഫ് ഉദ്യോഗസ്ഥരുടെ പക്കലുണ്ടാകും.