നിലപാട് കലാപത്തിന് ആഹ്വാനം ചെയ്യുന്നത്: എൻഎസ്എസിന് മറുപടിയുമായി സർക്കാർ

തിരുവനന്തപുരം∙ എൻഎസ്എസിന്റെ നിലപാട് കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘർഷത്തിന് ഉത്തരവാദി ആരെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം. വിശ്വാസവും ഭരണഘടനയും സംരക്ഷിക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, എൻഎസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന. എൻഎസ്എസ് തെറ്റുതിരുത്തണം. ആർഎസ്എസ് ഭീകരപ്രസ്ഥാനമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമലയിലെ യുവതീ പ്രവേശത്തിലൂടെ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണു സർക്കാരിന്റെ ഭാഗത്തു നിന്നു നടക്കുന്നതെന്നാണ് എൻഎസ്എസ് ആരോപിച്ചിരുന്നത്. ഇതിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണ്. സമാധാനമായി പരിഹരിക്കാവുന്ന ഈ പ്രശ്നം സങ്കീർണമാക്കിയതും സർക്കാരാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞിരുന്നു.