അസമിൽ ബിജെപിക്കു തിരിച്ചടി; എൻഡിഎ മുന്നണി ഉപേക്ഷിച്ച് എജിപി

ന്യൂഡല്‍ഹി ∙ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കു തിരിച്ചടി. അസമില്‍ പൗരത്വ ദേദഗതി ബില്ലിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയുടെ പേരില്‍ അസം ഗണപരിഷത്ത് (എജിപി) എന്‍ഡിഎ വിട്ടു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് എന്‍ഡിഎ വിടാന്‍ എജിപി തീരുമാനിച്ചത്.

ബിജെപി നേതൃത്വത്തിലുള്ള സര്‍ബാനന്ദ സോനോവാള്‍ മന്ത്രിസഭയില്‍ എജിപിയുടെ മൂന്നു മന്ത്രിമാരാണുള്ളത്. മന്ത്രിസഭയെ ബാധിക്കില്ലെങ്കിലും വിവിധ വിഷയങ്ങളുടെ പേരില്‍ സഖ്യകക്ഷികള്‍ ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ അസം ഗണപരിഷത്തിന്റെ നടപടി ബിജെപിക്കു വലിയ തിരിച്ചടിയാണ്.

2016-ലെ നിയമസഭാ തിരിഞ്ഞെടുപ്പില്‍ ബിജെപിക്ക് 61 സീറ്റും അസം ഗണപരിഷത്തിന് 14 സീറ്റുമാണ് ലഭിച്ചിരുന്നത്. 12 സീറ്റുള്ള ബോഡോ പീപ്പിള്‍സ് ഫ്രണ്ടാണ് എന്‍ഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറു വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് 2016-ലെ പൗരത്വ ഭേദഗതി ബില്‍. ബില്ലുമായി മുന്നോട്ടു പോകാനാണു ബിജെപി തീരുമാനമെങ്കില്‍ സഖ്യം വിടുമെന്ന് അസം ഗണപരിഷത്ത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മഹന്ത വ്യക്തമാക്കിയിരുന്നു.

പൗരത്വ ബില്ലിന്റെ പേരില്‍ അസമില്‍ കടുത്ത പ്രതിഷേധം നടക്കുമ്പോള്‍ ബിജെപി അതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് എജിപി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുല്‍ ബോറ പറഞ്ഞു.