ശത്രുവാരെന്ന് ഉറച്ചു: അരങ്ങൊരുങ്ങുന്നത് മോദി–രാഹുൽ പോരാട്ടത്തി‌നു തന്നെ

ഇയാൻ ഫ്ലെമിങ്ങും ജയിംസ് ബോണ്ടും ഗോൾഡ് ഫിംഗറും പറയുന്നതു നമ്മുടെ പാർല‌മെന്റേറിയന്മാർക്ക് അവഗണിക്കാൻ ബുദ്ധിമുട്ടുണ്ട്. ഫ്ലെമിങ്ങും ബോണ്ടും തനി ഇംഗ്ലിഷുകാരാണ്. വില്ലൻ ഗോൾഡ് ഫിംഗർ കുടിയേറ്റക്കാരനെങ്കിലും ഇംഗ്ലിഷുകാരൻ. നമ്മുടെ പാർ‌ലമെന്ററി ജനാധിപത്യം ബ്രിട്ടീഷ് മോഡൽ. എംപിമാരിൽ പലരും മികച്ച വായനക്കാരും ഇംഗ്ലിഷ് ഭാഷാവിദഗ്ധരും.

ഫ്ലെമിങ്ങിനെ ഉദ്ധരിച്ചപ്പോൾ ധനമന്ത്രി അരുൺ ജെ‌യ്റ്റ്‌ലിക്കു പിഴച്ചെന്നു തൃണമൂലിന്റെ പ്രഫ. സൗഗത റോയ് കണ്ടുപിടിച്ച‌‌തു സ്വാഭാവികം. ഒരു കാര്യം മൂന്നാം വട്ടം സംഭവിച്ചാൽ അത് ‘എനിമി ആക്‌ഷൻ’ അഥവാ ശത്രുനീക്കമെന്നാണു ‌ഗോ‌ൾഡ് ഫിംഗർ പറഞ്ഞത്. ജെയ്റ്റ്‌ലി പറഞ്ഞപ്പോൾ ‘മൂന്നാമതായാൽ ഗൂഢാലോചന’ എന്നായി.

ധനമന്ത്രിയെ മറവി പിടികൂടിയതായാലും അല്ലെങ്കിലും മാറുന്ന രാഷ്ട്രീയസാഹചര്യത്തിൽ അദ്ദേഹവും സൗഗത റോയിയും പറഞ്ഞതു ശരി. ബിജെപിയും പ്രതിപക്ഷവും എതിർപക്ഷത്തു നോ‌ക്കുമ്പോൾ കാണുന്നതു ഗൂഢാലോചന, ശത്രുനീക്കം, 2019ലെ തിരഞ്ഞെടുപ്പു ജയിക്കാനുള്ള യുദ്ധം.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. (ഫയൽ ചിത്രം)

ഹിന്ദിഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലുമുണ്ടായ ശത്രുനീക്കത്തിൽ ബിജെപിക്ക് ഒറ്റയടിക്കാണു തിരിച്ചടിയേറ്റത്. അതോടെ, മുഖ്യശത്രുവാരെന്ന സംശയം അവർക്ക് ഇല്ലാതായെന്നു പാർലമെന്റിലെ റഫാൽ ചർച്ചയിലും അതിനു മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ‘അപൂർവ’ അഭിമുഖത്തിലും വ്യക്തമായി. മുഖ്യശത്രു കോൺഗ്രസും ഗാന്ധി കുടുംബവും. മമതയും മായാവതിയും ഉൾപ്പെടെ മറ്റുള്ളവർ ഉപശത്രുക്കൾ.

മമത ബാനർജി, മായാവതി

മറുവശത്ത്, മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തോടെ രാഹുൽ ഗാ‌ന്ധി‌യും മുഖ്യ എതിരാളിയെ കൂടുതൽ മിഴിവോടെ കണ്ടു തുടങ്ങുന്നു.

നിർമല സീതാരാമൻ, രാഹുൽ ഗാന്ധി

പ്രതിരോധ മന്ത്രിയായ തനിക്കു നേരെ കോൺഗ്രസ് ആരോപണമുയർത്തുന്നുവെന്നു നിർമല സീതാരാമൻ ലോക്സഭയിൽ നിരുദ്ധകണ്ഠയായപ്പോൾ ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാത്രമാണെന്നായിരുന്നു രാ‌ഹുലി‌ന്റെ മറുപടി. പിന്നിലൊതുങ്ങുന്ന രാഷ്ട്രീയലജ്ജാലുവായിരുന്ന രാഹുൽ പ്രതിപക്ഷത്തിന്റെ മുൻനിരയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുമ്പോൾ അരങ്ങൊരുന്നതു മോദി–രാഹുൽ പോരാട്ടത്തി‌നു തന്നെ.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള വഴിയിൽ ഇപ്പോൾ ‌കാണുന്നതു മൂന്നു വിഷ‌യങ്ങളാണ്: റഫാൽ, അയോധ്യ, കാർഷിക പ്രതിസന്ധി. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ചെറുകിട വ്യവസായ ലോകത്തിന്റെ വെല്ലുവിളികൾ, വിലക്കയറ്റം തുടങ്ങിയ മറ്റു വിഷയങ്ങളൊക്കെ തൽക്കാലം ക്യൂവിലാണ്.

ആദ്യത്തെ രണ്ടെണ്ണത്തിനു പ്രതീകാത്മക പ്രാധാന്യമേറും. കഴിഞ്ഞ മാസം ‌തിരഞ്ഞെടുപ്പു നടന്ന മൂന്നു ഹിന്ദി സംസ്ഥാനങ്ങളിൽ ജനവിധി നിർണയിച്ച അടിസ്ഥാനപ്രശ്നമാണു മൂ‌ന്നാമത്തേത്.
ഈ മാസം അവസാനിക്കുമ്പോഴേയ്ക്ക് അയോധ്യ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങും. ക്ഷേത്രനിർമാണത്തിനു നിയമനിർമാണം ആവശ്യപ്പെട്ടു സംഘ്‌പരിവാർ സംഘടനകൾ ശക്തമായി രംഗത്തുണ്ട്. കുംഭമേളയ്ക്കിടെ ഈ മാസാവസാനം അലഹബാദിൽ നടക്കുന്ന മത പാർലമെന്റിൽ ‌രാമക്ഷേത്ര നിർമാണത്തിന്റെ കർമപരിപാടി സന്യാസിമാർ പ്രഖ്യാപിക്കാനിരിക്കുന്നു.

അയോധ്യയിൽ ക്ഷേത്രനിർമാണത്തിനു കൊണ്ടുവന്നിരിക്കുന്ന വസ്തുക്കൾ.

സ്വന്തം സംസ്ഥാനങ്ങളിൽ കാർഷിക കടാശ്വാസം പ്രഖ്യാപിച്ച്, അഖിലേന്ത്യാ തലത്തിൽ സമാന നടപടിക്കു മോദിയെ വെല്ലുവിളിച്ചിരിക്കുകയാണു കോൺഗ്രസ്. അതിന്, തിരഞ്ഞെടുപ്പു മു‌ന്നിൽ കണ്ട്, ഒരു മറുപടി പറയാൻ മോദി സർക്കാർ നിർബന്ധിതമാകുന്നു.

2008ൽ യുപിഎ സർക്കാർ കാർഷിക കടം എഴുതിത്തള്ളിയത് 72,000 കോടി രൂപ ചെലവിട്ടാണ്. ഇത്തവണ കടം മാപ്പാക്കാൻ രണ്ടു ലക്ഷം കോടിയെങ്കിലും വേണ്ടി വരും. റിസർവ് ബാങ്കിന്റെ കരുതൽശേഖരം വിനിയോഗിച്ച് അങ്ങനെ െചയ്താലും അതു കോൺഗ്രസിന്റെ സമ്മർദത്തിനു വഴങ്ങിയാണെന്നു വന്നാലോ? അങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് വിജയിച്ചാലോ? ‌റഫാൽ പ്രശ്നത്തിൽ തങ്ങൾ പറയുന്നതു ശരിയാണെന്ന് അവർ വാ‌ദിച്ചു ജയിച്ചാലോ? അയോധ്യയുടെ പേരിൽ വോട്ടില്ലെന്ന സൂചനയാണു രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും നൽകിയതെന്ന നിഗമനം തുടർന്നും ശരിയായാലോ?

ജനാഭിലാഷം ഭരണനേട്ടങ്ങൾക്കു മുൻപേ ‌പറക്കുമ്പോൾ സമൂഹമനസു കീഴടക്കാൻ പ്രതിപക്ഷത്തിനാണെളുപ്പം. 2014ൽ ബിജെപിക്കുണ്ടായിരുന്ന മുൻതൂക്കം ഇത്തവണ പ്രതിപക്ഷത്തി‌ന്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ രക്തം ചിന്തുന്ന പോരാട്ടം വിരൽചൂണ്ടുന്നത്, പൊതുതിരഞ്ഞെടുപ്പിനു മുൻപ്, സമൂഹമനസും പൊതുവീക്ഷണവും അനു‌കൂലമാക്കാനുള്ള യുദ്ധത്തിലേയ്ക്കാണ്.