വിപണികളിൽ ഉണർവ്; രൂപ ആറുമാസത്തെ ഏറ്റവും മികച്ച നിലയിൽ

കൊച്ചി∙ ഇന്ത്യൻ വിപണിക്ക് ഇന്നു മികച്ച നിലയിൽ വ്യാപാരത്തുടക്കം. വിപണി രാവിലെ മുതൽ കുതിപ്പിന്റെ പ്രവണതയാണു പ്രകടമാക്കുന്നത്. ഒരവസരത്തിൽ നിഫ്റ്റി 100 പോയിന്റിനു മുകളിൽ നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 10727.34ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10804.85 എന്ന നിലയിലാണു വ്യാപാരം ആരംഭിച്ചത്. ഒരു വേള ഇത് 10835.95 എന്ന നിലയിലേയ്ക്ക് എത്തിയിരുന്നു. കഴിഞ്ഞയാഴ്ച കനത്ത ഇടിവു നേരിട്ട് 35695.1 എന്ന നിലയിൽ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ ഇന്നു രാവിലെ 36971.18 എന്ന മികച്ച നിലയിലാണു വ്യാപാരം ആരംഭിച്ചത്. ഒരു വേള വ്യാപാരം 36076.95 എന്ന നിലയിൽ വരെ എത്തിയിരുന്നു.

ആഗോള തലത്തിൽനിന്നുള്ള വാർത്തകൾ അനുകൂലമായതു വിപണിക്കു പോസിറ്റീവ് പ്രവണത നൽകുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കൻ സെൻട്രൽ ബാങ്ക് ചെയർപഴ്സൻ പറഞ്ഞിരിക്കുന്നതു സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ അമേരിക്ക തുടർച്ചയായി പലിശ നിരക്ക് വർധിപ്പിക്കുന്ന തീരുമാനത്തിൽനിന്നു പിന്നോട്ടു വന്നേക്കാം എന്നാണ്. യുഎസ് ഫെഡറൽ നിരക്ക് ഒരു തവണയേ ഈ വർഷം വർധിപ്പിക്കൂ എന്ന സൂചനയായാണ് ഇതു വിലയിരുത്തുന്നത്. തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം ഇടിയുന്നതായാണു കാണുന്നത്. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ രൂപയിലും ദൃശ്യമാണ്. കഴിഞ്ഞ ആറു മാസത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിൽ‍ 69.34 എന്ന നിരക്കിലാണു ഡോളറിനെതിരെ ഇന്ത്യൻ രൂപയിൽ ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ചൈന അവരുടെ ബാങ്കുകളുടെ കരുതൽ ധനം ഒരു ശതമാനം കുറയ്ക്കുന്നതിന് ഇടയാക്കി. ഇത് ഇന്ന് ഏഷ്യയിലെ എല്ലാ വിപണികളിലും ഒരു പോസിറ്റീവ് ചായ്‍വ് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തു വന്ന അമേരിക്കയുടെ സാമ്പത്തിക വളർച്ചയുടെ ഡേറ്റയും വളരെ പോസിറ്റീവാണ്. ഒരു മാന്ദ്യം ഉണ്ടായേക്കും എന്ന ആശങ്ക തൽക്കാലത്തേക്കു മാറി നിൽക്കുന്നുണ്ട്. ഇതെല്ലാം ഇന്നു വിപണികളുടെ മെച്ചപ്പെട്ട പ്രകടനത്തിനു സഹായിക്കുന്നുണ്ട്. അതുപോലെ നടന്നു വരുന്ന ചൈന – അമേരിക്ക വ്യാപാര ചർച്ചകളുടെ തീരുമാനം നിർണായകമാണ്.

യുഎസ് ഗവൺമെന്റിന്റെ പല പ്രധാന ഡിപ്പാർട്മെന്റുകളും കഴിഞ്ഞ മൂന്നാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഈ തീരുമാനത്തിലും മാറ്റം വരേണ്ടതുണ്ട്. യുഎസ് കോൺഗ്രസുകൾ മെക്സിക്കൻ അതിർത്തിയിലെ മതിൽ പണിയുന്നതിനുൾപ്പടെയുള്ള ബില്ലുകൾ പാസാക്കുന്നില്ലെങ്കിൽ അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ബില്ലുകൾ പാസാക്കുമെന്നാണു പ്രസിഡന്റ് അവസാനമായി പറഞ്ഞിട്ടുള്ളത്. ഈ സംഭവ വികാസങ്ങൾ എല്ലാം വരും ദിവസങ്ങളിലും ഇന്ത്യൻ വിപണി ഉൾപ്പെടെയുള്ള വിപണികളെ ബാധിക്കും.

ഇന്ന് ഇന്ത്യൻ വിപണിയിൽ എല്ലാ സെക്ടറുകളും പോസിറ്റീവ് പ്രവണതയിലാണുള്ളത്. മെറ്റൽ, ഇൻഫ്രാസ്ട്രക്ചർ, എനർജി, ഓട്ടോമൊബൈൽ സെക്ടറുകളിൽ ഒരു ശതമാനത്തിനു മുകളിൽ മുന്നേറ്റം കാണുന്നുണ്ട്. നിഫ്റ്റിക്ക് ഇന്ന് മുകളിലേക്ക് 10845– 10860 ലവലിൽ റെസിസ്റ്റൻസ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.