‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’: അനുപം ഖേറിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ബിഹാർ കോടതി

പട്ന∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ സിനിമയുടെ പേരിൽ നടൻ അനുപം ഖേറിനും 13 പേർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ബിഹാറിലെ പ്രാദേശിക കോടതി നിർദേശം. അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹർജി പരിഗണിച്ചാണു കോടതിയുടെ നിർദേശം. ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഈ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറുകളും മറ്റും വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് ഓജയുടെ പരാതി. അനുപം ഖേറാണു മൻമോഹൻ സിങ്ങിന്റെ വേഷം അഭിനയിച്ചത്. ചിത്രത്തിലെ അഭിനേതാവായ അക്ഷയ് ഖന്നയ്ക്കെതിരെയും എഫ്ഐആർ എടുക്കും. യുപിഎ ചെയർപഴ്സൻ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക വാധ്‌ര തുടങ്ങിയവരുടെ വേഷം അഭിനയിച്ചവർ, ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ് തുടങ്ങിയവർക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്യും.

ചിത്രത്തിന്റെ ട്രെയ്‌ലർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരുവിന്റെ പുസ്തകമായ ‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.