ആലോചിക്കാൻ സമയം വേണം: മഹാസഖ്യത്തിൽ ചേരുന്നതിനെപ്പറ്റി നവീൻ പട്നായിക്

ന്യൂ‍ഡൽഹി∙ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷ മഹാസഖ്യത്തിൽ ചേരുന്നതിനെപ്പറ്റി തീരുമാനമെടുത്തിട്ടില്ലെന്ന് ബിജു ജനതാ ദൾ (ബിജെഡി) നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നു പട്നായിക് ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

ബിജെഡിയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്തു നടത്തിയ കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പട്നായിക്. നെല്ലിനു താങ്ങുവില ക്വിന്റലിനു 1750 രൂപയിൽനിന്ന് 2930 രൂപ ആക്കി ഉയർത്തണമെന്നതാണു പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടു.

2014ലെ തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചില്ലെന്നു പൊതുസമ്മേളനത്തിൽ പട്നായിക് കുറ്റപ്പെടുത്തി. കാർഷിക വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുന്നതിൽനിന്നു സർക്കാർ പിന്നാക്കം പോകരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാഗ്ദാനങ്ങളുടെ സർക്കാരാണിതെന്നു മറ്റു നേതാക്കൾ ആരോപിച്ചു. ബിജെപിയോടും  കോൺഗ്രസിനോടും  സമദൂരം പാലിക്കുന്ന പാർട്ടിയാണു ബിജെഡി.