ശിക്ഷാ നടപടികള്‍ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമില്ല

തിരുവനന്തപുരം∙ ശിക്ഷാ നടപടികള്‍ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതിനായി കേരള പൊലീസ് ആക്ടിലെ 101(6) വകുപ്പ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷാ നടപടികളെക്കുറിച്ചാണ് പൊലീസ് ആക്ടിലെ 101 വകുപ്പില്‍ പറയുന്നത്. ‘ശിക്ഷാ നടപടികള്‍ സാധാരണയായി ഒരു ഉദ്യോഗസ്ഥന്റെ പ്രമോഷന് തടസമായി പരിഗണിക്കാന്‍ പാടുള്ളതല്ല’ എന്നാണ് 101(6) ല്‍ പറയുന്നത്.

ഇതു ഭേദഗതി ചെയ്യുന്നതോടെ ശിക്ഷാനടപടികള്‍ക്ക് വിധേയരായവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഒരു പൊലീസ് ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷാ നടപടികള്‍ക്ക് വിധേയനാക്കിയാല്‍ അയാള്‍ ക്രിമിനല്‍ കുറ്റവാളിയാണെന്നു വ്യാഖ്യാനിക്കാന്‍ പാടില്ലെന്നു പൊലീസ് ആക്ടിലെ 101(3)ല്‍ പറയുന്നു.

വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടി സ്വീകരിക്കാം. പിഴ, താക്കീത്, ഡ്രില്‍, പ്രമോഷന്‍ തടയല്‍, ശമ്പളം കുറയ്ക്കല്‍, നീക്കം ചെയ്യല്‍ പിരിച്ചുവിടല്‍ എന്നീ ശിക്ഷണ നടപടികള്‍ സ്വീകരിക്കാമെന്ന് 101(4)ല്‍ പറയുന്നു.

ഇതിനുശേഷമാണ് ഈ ശിക്ഷാ നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രമോഷന് തടസമാകരുതെന്ന് പറയുന്നത്. ഇതിലാണ് ഭേദഗതി ആലോചിക്കുന്നത്.