വിപണികളിൽ കാര്യമായ കയറ്റിറക്കങ്ങളില്ല; രൂപയ്ക്ക് മൂല്യത്തകർച്ച

കൊച്ചി∙ ഇന്ത്യൻ വിപണി ഇന്നു നേരിയ ഉയർച്ചയിൽ വ്യാപാരം ആരംഭിച്ചെങ്കിലും തുടക്കം മുതൽ സമ്മിശ്ര പ്രതികരണമാണു പ്രകടമാക്കുന്നത്. ഇന്നലെ 10771.80ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു 10786.25ലാണു വ്യാപാരം ആരംഭിച്ചത്. ഒരുവേള നിഫ്റ്റി 10733.25 വരെ ഇടിവു പ്രകടമാക്കി. സെൻസെക്സാകട്ടെ ഇന്നലെ 35850.16ൽ ക്ലോസ് ചെയ്ത് ഇന്നു രാവിലെ 35964.62ൽ വ്യാപാരം ആരംഭിച്ചു. ഒരു ഘട്ടത്തിൽ 35753.95 വരെ സൂചിക ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ വിപണി സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ നിഫ്റ്റിക്ക് 10818ലും തുടർന്ന് 10850 ലവലിലും റെസിസ്റ്റൻസ് നേരിടാൻ സാധ്യതയുണ്ട്. താഴേക്ക് 10730ലാണു മാർക്കറ്റിന്റെ സപ്പോർട് എന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ഇന്ത്യൻ വിപണിയെ ബാധിക്കാൻ ഉതകുന്ന വിവരങ്ങളൊന്നും തന്നെ ഇന്ന് ആഗോള വിപണിയിൽനിന്നു പുറത്തു വന്നിട്ടില്ല. ഏഷ്യൻ വിപണികളെല്ലാം വലിയ കയറ്റിയിറക്കങ്ങളില്ലാതെയാണു നീങ്ങുന്നത്. അതേസമയം ജപ്പാൻ വിപണിയിൽ മാത്രം ഒരു ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുന്നുണ്ട്. യുഎസ് – ചൈന നിർണായക വ്യാപാര ചർച്ചകൾ നടക്കുകയാണ്. ഇന്നു രാത്രിയോടെ ഇതിന്റെ തീരുമാനങ്ങൾ പുറത്തുവരും. ഈ ചർച്ചയുടെ പശ്ചാത്തലത്തിലാണു വിപണി സമ്മിശ്ര നില തുടരുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നു രാത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതിൽ എന്തെങ്കിലും പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നും ആഗോള വിപണി ഉറ്റു നോക്കുന്നുണ്ട്. യുഎസ് – മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തിനു ഫണ്ട് ലഭിക്കുന്നതിനായുള്ള സമ്മർദ തന്ത്രങ്ങളാണു പ്രസിഡന്റ് പ്രയോഗിക്കുന്നത്. വ്യാപാര ചർച്ചകളിൽ ചൈനയുടെ വൈസ് പ്രസിഡന്റ് പങ്കെടുത്തതു വിപണിക്കു നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കത്തിന് അന്ത്യമുണ്ടാക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

ക്രൂഡ് ഓയിൽ വിലയിലും ഇന്നു കാര്യമായ മാറ്റമില്ല. അതേസമയം ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കു മൂല്യത്തകർച്ച നേരിടുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ശക്തമായ നിലയിൽ ഇന്നലെ ഇന്ത്യൻ രൂപ എത്തിയിരുന്നു.

ഇന്ത്യൻ വിപണിയിൽ ഇന്ന് അൽപമെങ്കിലും പോസിറ്റീവ് പ്രവണത പ്രകടമാക്കുന്നതു ഫാർമ ഓഹരികളും ബാങ്കിങ് ഓഹരികളുമാണ്. പിഎസ്‍യു ബാങ്കിങ് ഓഹരികളും ചില സ്വകാര്യ ബാങ്കുകളുടെ ഓഹരികളും നേട്ടം കാണിക്കുന്നുണ്ട്. ഐടി സെക്ടറിൽ ഒരു സമ്മിശ്ര പ്രവണതയാണുള്ളത്. കമ്പനികളുടെ മൂന്നാം പാദ പ്രവർത്തന റിപ്പോർട്ടുകളിലേയ്ക്കാണ് ഇനി വിപണി ഉറ്റു നോക്കുന്നത്. നാളെ ഇൻഡസ് ഇൻ ബാങ്കിന്റെ റിപ്പോർട്ട് പുറത്തു വരും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ടിസിഎസിന്റെയും ഇൻഫോസിസിന്റെയും റിപ്പോർട്ടുകൾ വരും. കമ്പനികളുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും ഹ്രസ്വകാലത്തേക്കു വിപണിയുടെ ചലനം.