കൊല്ലം ബൈപാസിൽ ഓടിക്കയറി രാഷ്ട്രീയപ്പോര്; നരേന്ദ്ര മോദി തന്നെ ഉദ്ഘാടകനെന്ന് കേന്ദ്രം

തിരുവനന്തപുരം ∙ കൊല്ലം ബൈപാസ് ഉദ്ഘാടനത്തെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി അറിയിപ്പു ലഭിച്ചു. കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടകനെന്ന് ബിജെപി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ബൈപാസ് ഉദ്ഘാടനം ചെയ്യാനായി 1 5ാം തീയതി നരേന്ദ്രമോദി കേരളത്തിലെത്തിലെത്തുമെന്ന് പാര്‍ട്ടിക്ക് അറിയിപ്പ് ലഭിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

15നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് എൻ.കെ.പ്രേമചന്ദ്രൻ എംപിയെയും അറിയിച്ചു. ഹെലികോപ്റ്റർ മാർഗം 5.20 ന് പ്രധാനമന്ത്രി കൊല്ലത്തെത്തുമെന്നാണ് അറിയിപ്പ്. വൈകിട്ട് 5.30 നാണ് ചടങ്ങ്. 

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് അറിയിപ്പു ലഭിച്ചിട്ടില്ലെന്നായിരുന്നു കൊല്ലം മേയർ വി.രാജേന്ദ്രബാബു, എംഎൽഎമാരായ എം.നൗഷാദ്, മുകേഷ്, എൻ.വിജയൻപിളള എന്നിവർ പറഞ്ഞിരുന്നത്. സംസ്ഥാനസര്‍ക്കാര്‍ ക്ഷണിക്കാതെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്നായിരുന്നു ഇടത് എംഎല്‍എമാരുടെ നിലപാട്. 

നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാർഥ്യമാകുന്നത്. ഇതോടെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മൂന്നു മുന്നണികളും തമ്മിലടി ആരംഭിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപാസ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തല്‍. തർക്കം മുറുകുന്നതിനിടെ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും അറിയിച്ചു. ഇതിനിടെയാണ് പാര്‍ട്ടിപരിപാടിക്കായി ജനുവരി 15ന് കൊല്ലത്ത് എത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് റോഡ് ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ ബിജെപി നീക്കം നടത്തിയത്.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന ബൈപാസിന്റെ നിര്‍മാണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെയാണ് പുനരാരംഭിച്ചത്. തുടർന്നു വന്ന എൽഡിഎഫ് സർക്കാരും വേണ്ട തുക അനുവദിച്ചു. 

ഈ മാസം 15 ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ബൈപാസ് ഉദ്ഘാടനത്തിനുശേഷം നാലു മണിക്ക് കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി 15ന് കേരളത്തിലെത്തുമെന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും ചീഫ് സെക്രട്ടറിയുടെ ഓഫിസും സ്ഥിരീകരിച്ചു. 15ന് എത്തുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും പങ്കെടുക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനു കൈമാറിയിട്ടില്ല. പ്രധാനമന്ത്രി 15നു തന്നെ എത്തുമെന്ന അറിയിപ്പു ലഭിച്ചെന്നും പരിപാടികളുടെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ലെന്നും പൊതുഭരണവകുപ്പ് അധികൃതരും പറയുന്നു. രണ്ടു ദിവസം മുന്‍പാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന് യാത്രയുടെ വിവരം കൈമാറിയത്.

അതേസമയം, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിജിപിയുടെ ഓഫിസ് അറിയിച്ചു. പെട്ടെന്നു തീരുമാനിക്കുന്ന യാത്രകളാണെങ്കില്‍ മുന്‍കൂട്ടി വിവരം കൈമാറുന്ന പതിവില്ലെന്നും പൊലീസ് പറയുന്നു.

കൊല്ലം ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയതോടെ  രാഷ്ട്രീയ ചേരിപ്പോര് വീണ്ടും ശക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉദ്ഘാടനം നടത്തി നേട്ടം കൊയ്യാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി രണ്ട് എന്ന ഉദ്ഘാടന തീയതി പ്രഖ്യാപിച്ചത്. ബൈപാസ് യാഥാര്‍ഥ്യമാക്കിയതിന്റെ നേട്ടം സ്വന്തമാക്കാന്‍  ബിജെപിയും എല്‍ഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടയിലാണ് ബിജെപി പ്രധാനമന്ത്രിയെത്തന്നെ കേരളത്തിലെത്തിക്കുന്നതും.

കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അങ്ങോട്ട് ആവശ്യപ്പെടാതെ പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുന്നത് വിചിത്രമായ കാര്യമാണെന്ന് സിപിഎമ്മിന്റെ എംഎൽഎമാർ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനു മാറ്റമില്ലെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കുന്നു. ബിജെപിയുടെ നീക്കത്തിനെതിരെ മറുതന്ത്രങ്ങള്‍ മെനയാനുള്ള ആലോചനകളിലാണ് സിപിഎം നേതൃത്വം.

ബൈപാസിന്റെ നിർമാണത്തിനു പ്രധാനപങ്ക് വഹിച്ചതു വിവിധ കാലയളവുകളിൽ ഭരണത്തിലിരുന്ന എൽഡിഎഫ് സർക്കാരുകളാണെന്ന് ഇടത് എംഎൽഎമാർ അവകാശപ്പെട്ടു. റോഡിനു കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നത് 1978 മേയ് 3 ന് ആണ്. പി.രാജേന്ദ്രൻ എംപിയായ ശേഷമാണു നിർമാണം തുടങ്ങിയത്. മൂന്നാംഘട്ട നിർമാണം 2016 ൽ അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരാണു വേഗത്തിലാക്കിയത്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, മന്ത്രി ജി.സുധാകരൻ എന്നിവരുടെ ഇടപെടലുകളാണു വേഗത്തിൽ നിർമാണം പൂർത്തിയാകാൻ കാരണമെന്നും അവർ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും മറ്റു നിർമാണ ജോലികൾ പൂർത്തീകരിക്കാനും മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയതിനെ തുടർന്നാണു ഫെബ്രുവരി 2നു ബൈപാസ് ഉദ്ഘാടനം നടത്താൻ തീരുമാനമായതെന്നും അവർ പറഞ്ഞു.

തീരുമാനിച്ചിട്ടുണ്ടെങ്കിൽ വരുമെന്നു ബിജെപി

ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹമെത്തുമെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിനാണു വ്യക്തമായ മറുപടി പറയാനാവുകയെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവർത്തിച്ചു.

ഈ കാര്യത്തെക്കുറിച്ചു സംസ്ഥാനത്തെ പ്രോട്ടോക്കോൾ ഓഫിസർക്കും ചീഫ് സെക്രട്ടറിക്കും സർക്കാരിനും അറിയാം. കൊല്ലത്തെ എംഎൽഎമാർക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഔദ്യോഗിക പരിപാടികളിൽ മുഖ്യമന്ത്രിയാണ്  അധ്യക്ഷനാവുക. ബൈപാസ് പൂർത്തിയായതു കേന്ദ്ര സർക്കാരിന്റെ ഇടപെടലിന്റെ ഫലമാണ്. എംപി ഇതിൽ അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ല. എൻ.കെ.പ്രേമചന്ദ്രൻ എംപിയുമായി പാർട്ടിക്കു ബന്ധമൊന്നുമില്ല. ആദ്യം എൽഡിഎഫിലും ഇപ്പോൾ യുഡിഎഫിലുമാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു

പൊളിഞ്ഞത് സിപിഎമ്മിന്റെ കുതന്ത്രം: ഷിബു ബേബിജോൺ

ബൈപാസിന്റെ ഉദ്ഘാടനം നീട്ടിവയ്ക്കാനുള്ള സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞതിന്റെ ആവലാതിയാണ് ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവനയ്ക്കു കാരണമെന്ന് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ. ഉദ്ഘാടനം പാർലമെന്റ് തിരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടുപോകാനുള്ള സിപിഎം തീരുമാനം തകർന്നതിലെ അമർഷമാണിത്.

എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ജാഗ്രതാപൂർവമായ ഇടപെടലുകളിലൂടെ യാഥാർഥ്യമായ ബൈപാസിന്റെ നേട്ടം കൊയ്യാൻ സിപിഎം നടത്തിയ അണിയറ പ്രവർത്തനം വിജയിച്ചില്ല. ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയാൽ പ്രേമചന്ദ്രൻ സംഘിയാകുമെങ്കിൽ പിണറായി വിജയനും സംഘിയാകില്ലേ? കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയെ ക്ഷണിച്ച് അദ്ദേഹത്തിന്റെ തീയതിക്കായി ഉദ്ഘാടനം വൈകിപ്പിച്ചതു പിണറായിയാണെന്നും ഷിബു ആരോപിച്ചു.

കാവനാടിനെയും മേവറത്തെയും ബന്ധിപ്പിക്കുന്ന 13 കിലോമീറ്റര്‍ ബൈപാസിന്റെ നിര്‍മാണം 2015 ലാണ് ആരംഭിച്ചത്. ബൈപാസ് വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതര്‍. 277 കോടി രൂപയാണ് നിര്‍മാണ ചെലവ്. കേന്ദ്രവും സംസ്ഥാനവും തുല്യമായാണ് തുക ചെലവഴിക്കുന്നത്.

പ്രളയകാലത്താണ് പ്രധാനമന്ത്രി ഇതിനു മുൻപ് കേരളം സന്ദര്‍ശിച്ചത്. ഓഗസ്റ്റ് 18 ന് രാത്രി കേരളത്തിലെത്തിയ അദ്ദേഹം കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഈ മാസം ആറിന് പത്തനംതിട്ടയിലെത്തുമെന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു.

27ന് തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിലും പ്രധാനമന്ത്രി എത്തുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.