അക്രമം തുടരുന്നു; കൊയിലാണ്ടിയിലും ശാസ്താംകോട്ടയിലും വീടുകൾക്കുനേരെ ബോംബേറ്

കോഴിക്കോട്/കൊല്ലം∙ കൊയിലാണ്ടിയിൽ വീടുകൾക്കുനേരെയുള്ള ബോംബേറ് തുടരുന്നു. സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾക്കു ബോംബേറിൽ കേടുപാടുകൾ പറ്റി. ഇന്നു പുലർച്ചെ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സിപിഎമ്മിലെ കെ.ഷിജുവിന്റെ കുറുവങ്ങാട്ടുള്ള വീടിനുനേരെ അക്രമികൾ ബോംബെറിഞ്ഞു. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഇതിനു സമീപമുള്ള നഗരസഭ ബിജെപി കമ്മിറ്റി പ്രസിഡന്റ് വി.പി. മുകുന്ദന്റെ വീടിനുനേരെയും പുലർച്ചെ ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെ ബിജെപി പ്രവർത്തകൻ അതുലിന്റെ വീടിനുനേരെ ബോംബെറിഞ്ഞിരുന്നു.

ശാസ്താംകോട്ടയിൽ ബിജെപി നേതാക്കളുടെ വീടുകൾക്കു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണു സംഭവം. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ബൂത്ത് പ്രസിഡന്റ് ബാബു എന്നിവരുടെ വീടുകൾക്കു നേരെയായിരുന്നു ആക്രമണം. കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ മേഖലാ ട്രഷററുടെ വീടിന്റെ ജനൽ ഗ്ലാസുകൾ ഇന്നലെ രാത്രി അജ്ഞാതസംഘം അടിച്ചു തകർത്തു. വീടിനു മുന്നിൽ കിടന്ന കാറും തകർത്തു.

കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയും വയക്കര ചിന്താ ലൈബ്രറി പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘം ശ്രീകണ്ഠാപുരം മേഖല ജോയിന്റ് സെക്രട്ടറിയുമായ വയക്കരയിലെ കെ.കെ. കൃഷ്ണന്റെ വീട്ടിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ അഭിഷേകം നടത്തി. രാത്രിയായിരുന്നു സംഭവം. ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി.

അടൂർ സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ വീട്ടിലേക്ക് കുപ്പിയിൽ പെട്രോൾ നിറച്ച് കത്തിച്ചെറിഞ്ഞു. വീടിനു ചെറിയ നാശനഷ്ടം.