ആലോക് വർമയ്ക്കെതിരായ ആരോപണം പരിശോധിച്ച് ഉന്നതതല സമിതി

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ ആലോക് വർമയ്ക്കെതിരായ ആരോപണത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) റിപ്പോർട്ട് ഉന്നതസമിതി പരിഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് റിപ്പോർട്ട് പരിഗണിച്ചത്. യോഗം അരമണിക്കൂറോളം നീണ്ടുനിന്നു. പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖർഗെയും സുപ്രീംകോടതി ജഡ്ജി എ.കെ.സിക്രിയും പങ്കെടുത്തു. ആലോക് വർമയുടെ ഭാഗം കേൾക്കണമെന്ന് ഖർഗെ ആവശ്യപ്പെട്ടു. അതേസമയം യോഗത്തിൽ വ്യക്തമായ തീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനാൽ സമിതി വ്യാഴാഴ്ച വീണ്ടും യോഗം ചേരും.

ചൊവ്വാഴ്ചയാണു സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ആലോക് വർമയെ നീക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. എന്നാൽ, നയപരമായി പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കാൻ പാടില്ലെന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് കോടതി വർമയ്ക്കു പദവി തിരികെ നൽകിയത്. ഡയറക്ടറെ സംബന്ധിച്ചു തീരുമാനമെടുക്കാൻ അധികാരമുള്ള ഉന്നത സമിതി ഒരാഴ്ചയ്ക്കകം ചേരണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ നിർദേശപ്രകാരം, മുൻ സുപ്രീം കോടതി ജഡ്ജി എ.കെ. പട്നായിക്കിന്റെ മേൽനോട്ടത്തിലാണു സിവിസി അന്വേഷണം നടത്തിയത്. റിപ്പോർട്ടിലെ ചില വിവരങ്ങൾ ആലോക് വർമയ്ക്ക് അനുകൂലവും ചിലതു പ്രതികൂലവുമാണെന്നു കോടതി വിലയിരുത്തിയിരുന്നു. അതിനിടെ, സിബിഐ താൽക്കാലിക ഡയറക്ടർ നാഗേശ്വർ റാവു ഇറക്കിയ ഉത്തരവുകൾ ആലോക് വർമ റദ്ദാക്കി.