രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചു; പ്രതിപക്ഷത്തിന് തമ്മില്‍ കണ്ടുകൂടാ: പ്രധാനമന്ത്രി

ന്യൂഡൽഹി∙ പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരായ പരാമര്‍ശങ്ങളുടെ പേരിൽ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധമന്ത്രിക്കെതിരായ ആരോപണങ്ങളിൽ രാഹുൽ സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിച്ചെന്നാണു മോദിയുടെ ആരോപണം. പ്രതിരോധത്തിനായി ഒരു ‘മഹിള’യോടു നിർദേശിച്ചു പ്രധാനമന്ത്രി ഓടിയെന്ന് ബുധനാഴ്ച രാവിലെ രാഹുൽ പറഞ്ഞിരുന്നു.

നമ്മുടെ മന്ത്രി എതിരാളികൾക്കു യോജിച്ച മറുപടിയാണു നൽകിയത്. നിർമലാ സീതാരാമൻ അവരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നു. ഇത് അസഹനീയമായതു കൊണ്ടാണ് കോൺഗ്രസ് പ്രതിരോധമന്ത്രിയെ അവഹേളിക്കുന്നത്. ഇതിലൂടെ പ്രതിരോധ മന്ത്രിയെ മാത്രമല്ല, രാജ്യത്താകമാനമുള്ള വനിതകളെയാണു രാഹുൽ അപമാനിച്ചതെന്നും മോദി പറ‍ഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിൽ പ്രധാനമന്ത്രിയെത്താത്ത സംഭവം പരാമർശിച്ചാണു രാഹുൽ ബുധനാഴ്ച പ്രതികരിച്ചത്. 56 ഇഞ്ച് നെഞ്ചുള്ള കാവല്‍ക്കാരൻ ഓടിപ്പോയെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ആരോപണം. സീതാരാമൻജി, പ്രതിരോധിക്കൂ. എനിക്ക് സ്വയം ഇത് പ്രതിരോധിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് പ്രധാനമന്ത്രി പോയി. എന്നാൽ രണ്ടര മണിക്കൂറെടുത്തിട്ടും ആ സ്ത്രീക്ക് അതിനു സാധിച്ചില്ല. നേരിട്ടുള്ള ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത്. അതെയോ അല്ലയോ എന്നതായിരുന്നു ഉത്തരം. പക്ഷേ മറുപടി നൽകാൻ അവർക്കു കഴിഞ്ഞില്ല– രാഹുല്‍ പ്രതികരിച്ചു.

കേന്ദ്രത്തിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകളെയും പ്രധാനമന്ത്രി തള്ളി. രാഷ്ട്രീയ എതിരാളികൾക്കു പരസ്പരം കാണുന്നതു പോലും ഇഷ്ടമല്ല. അവരാണ് എന്നെ എതിർക്കാൻ ഒരുമിച്ചു വരുന്നത്–മോദി പറഞ്ഞു. ഗംഗാജൽ പ്രോജക്ട്, ആഗ്ര സ്മാർട്ട് സിറ്റി പദ്ധതിയുള്‍പ്പെടെ 2,980 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതിനാണ് പ്രധാനമന്ത്രി ആഗ്രയിലെത്തിയത്.