ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്: വാളുകളും ഹൈഡ്രജൻ പെറോക്സൈഡും പിടിച്ചു

തിരുവനന്തപുരം∙ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബേറുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാട് മേലാംകോടുള്ള കാര്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വാളുകളും വടികളും ചാക്കില്‍നിറച്ച കല്ലുകളും കണ്ടെടുത്തു. ഹൈഡ്രജന്‍ പെറോക്സൈഡും റെയ്ഡില്‍ കണ്ടെത്തി. റെയ്ഡ് തുടരുകയാണെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതി പ്രവീണ്‍ കാര്യാലയത്തില്‍ ഒളിവില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രവീണ്‍ ഇവിടെ താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. ഹര്‍ത്താല്‍ ദിവസം പ്രവീണ്‍ സ്റ്റേഷനിലേക്ക് ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ ഒളിവിലാണ്.

നെടുമങ്ങാട് ആനാടുവച്ച് പൊലീസിനെ ആക്രമിക്കുകയും  വാഹനം തല്ലിതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയും, റോഡില്‍ അക്രമം നടത്തിയതിന് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരേയും അറസ്റ്റു ചെയ്തിരുന്നു. യദുകൃഷ്ണന്‍,അഭിറാം, രഞ്ജിത്ത്, ബിജി എന്നിവരാണ് അറസ്റ്റിലായത്.