നിർണായക സൈനിക വിവരങ്ങൾ ചോർത്തി; അരുണാചലിൽ പോർട്ടർ പിടിയിൽ

ഗുവാഹത്തി∙ അരുണാചൽ പ്രദേശിൽ സൈനിക ക്യാംപിൽനിന്ന് പാക്ക് ചാരനെന്നു സംശയിക്കപ്പെടുന്നയാള്‍ പിടിയിൽ. സൈന്യത്തിനൊപ്പം പോർട്ടറായി ജോലി ചെയ്തിരുന്ന നിർമൽ റായ് ആണു പിടിയിലായത്. ഇന്ത്യ – ചൈന അതിർത്തിക്കു സമീപമുള്ള സൈനിക ക്യാംപിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. 2018 ഒക്ടോബർ മുതൽ ക്യാംപിൽ ജോലി ചെയ്തുവരികയായിരുന്നു ടിൻസുകിയ ജില്ലയിലെ അംബികാപൂർ സ്വദേശി.

ദുബായിലുള്ള പാക്ക് ഭീകരർക്ക് സൈന്യത്തിലെ നിർണായക വിവരം കൈമാറിയതോടെയാണ് നിർമൽ റായിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. ദുബായിൽ ബർഗര്‍ ഷോപ്പിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ പാക്ക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുന്നത്. ദുബായിൽവച്ച് ചിത്രങ്ങളും വിഡിയോയും എടുക്കുന്നതിനുള്ള പരിശീലനം നിർമലിന് ലഭിച്ചിരുന്നു. ആവശ്യമായ പരിശീലനത്തിനുശേഷമാണ് നിർമലിനെ തിരികെ അരുണാചലിലേക്ക് അയച്ചത്. നാട്ടിലെത്തിയ നിർമൽ സൈന്യത്തിനൊപ്പം ചേരുകയും വിവരങ്ങൾ ചോർത്തി നൽകുകയുമായിരുന്നുവെന്നാണു വിവരം.

സമൂഹമാധ്യമ സംവിധാനങ്ങളായ വാട്സാപ്പ്, വിഡിയോ കോളിങ് സംവിധാനങ്ങൾ എന്നിവ വഴിയായിരിക്കാം ഇയാൾ വിവരങ്ങൾ കൈമാറിയതെന്നാണു അധികൃതരുടെ നിഗമനം. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള അടിസ്ഥാനസൗകര്യ നിർമാണങ്ങളുടെ – വിമാനത്താവളം, സൈനിക താവളങ്ങളുടെ സ്ഥലവും വിന്യാസവും ആയുധങ്ങൾ, പാലങ്ങൾ, ഇന്ത്യൻ സേനയുടെ ആയുധങ്ങളുടെ വിവരങ്ങൾ – എന്നിവയാണ് ഇയാൾ കൈമാറിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്.

സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റുകളിൽ പ്രദേശവാസികളെ കരാറടിസ്ഥാനത്തിൽ പോർട്ടർമാരായി നിയമിക്കുന്നത് പതിവാണ്. പിടിയിലായ നിർമൽ റായിയുടെ സഹോദരനും സൈന്യത്തിലാണ്.