സിബിഐയിൽ വൻ അഴിച്ചുപണി; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആലോക് വർമ

ന്യൂഡൽഹി∙ സിബിഐയില്‍ വൻ അഴിച്ചുപണിയുമായി ഡയറക്ടർ ആലോക് വർമ. അഞ്ച് ഉദ്യോഗസഥരെ സ്ഥലം മാറ്റി. രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥർക്കു നൽകി. ആലോക് വർമയുടെ ഭാവി തീരുമാനിക്കുന്നതിനുള്ള ഉന്നതാധികാര സമിതി യോഗം ചേരുന്നതിനിടെയാണു നിർണായക നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണു ഉന്നതാധികാര സമിതി യോഗം. പ്രധാനമന്ത്രിക്കു പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരാണു പങ്കെടുക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു യോഗം ചേരുന്നത്. ബുധനാഴ്ച ചേർന്ന യോഗം തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്.

നിർബന്ധിത അവധിക്കു ശേഷം സിബിഐ ഡയറക്ടർ സ്ഥാനത്തു തിരികെയെത്തിയ ആലോക് വർമ തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയെല്ലാം സ്ഥലംമാറ്റം റദ്ദാക്കുകയാണ് ആദ്യം ചെയ്തത്. ഡെപ്യൂട്ടി എസ്പി എ.കെ.ബസ്സി, എസ്.എസ്.ഗുറം, ഡിഐജി എം.കെ.സിൻഹ, ജോയിന്റ് ഡയറക്ടർ എ.കെ.ശര്‍മ എന്നിവര്‍ക്കെതിരായ സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദ് ചെയ്തത്.