ഭരണഘടനാബെഞ്ചിൽനിന്ന് ജസ്റ്റിസ് ലളിത് പിന്മാറി; അയോധ്യാക്കേസ് 29ന് പരിഗണിക്കും

ന്യൂഡൽഹി∙ അയോധ്യാക്കേസ് ഇന്നു പരിഗണിക്കാനെടുത്തെങ്കിലും ഭരണഘടനാ ബെഞ്ചിൽനിന്ന് ജസ്റ്റിസ് യു.യു. ലളിത് പിൻമാറിയതിനെത്തുടർന്ന് മാറ്റിവച്ചു. വിഷയത്തിൽ കല്യാണ്‍ സിങ്ങിനു വേണ്ടി നേരത്തേ ലളിത് ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകനായ രാജീവ് ധവാൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു പിന്മാറ്റം. ഇതേത്തുടർന്നു കേസ് ജനുവരി 29ന് പരിഗണിക്കാനായി മാറ്റി. അന്നു പുതിയ ഭരണഘടനാ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസിൽ ഇന്ന് വാദം കേൾക്കില്ലെന്നും അന്തിമവാദത്തിന്റെ തീയതി നിശ്ചയിക്കുക മാത്രമേ ഉണ്ടാവുകയുള്ളെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. അതിവേഗം വാദം കേട്ടു വിധി പറയണമെന്നു കേന്ദ്രമന്ത്രിമാരും ബിജെപിയും ഉള്‍പ്പെടെ ആവശ്യമുന്നയിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണു കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണു ഭരണഘടനാ ബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി. ദീപക് മിശ്ര വിരമിക്കുകയും ചെയ്തു. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍നിന്നുണ്ടാകുന്ന ഏതു തീരുമാനവും നിര്‍ണായകമാണ്. അതിവേഗം വാദം കേട്ടു വിധി പറയണമെന്നു കേന്ദ്രമന്ത്രിമാരും ബിജെപിയും സംഘപരിവാര്‍ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

സുപ്രീംകോടതി വിധിക്കുശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ അന്തിമവാദം തുടങ്ങുന്ന തീയതി ഇന്നു തീരുമാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭൂമിതര്‍ക്കം മാത്രമായല്ല അയോധ്യവിഷയത്തെ കാണുന്നതെന്നു ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിലൂടെ സുപ്രീംകോടതി സന്ദേശം നല്‍കിക്കഴിഞ്ഞു.

പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാകുമെന്നതും നിര്‍ണായകമാണ്. അയോധ്യയിലെ 2.77 ഏക്കർ തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണു കോടതി പരിഗണിക്കുന്നത്.