സൈന്യം യാഥാസ്ഥിതികം; സ്വവർഗാനുരാഗം അനുവദിക്കാനാകില്ല: ബിപിൻ റാവത്ത്

ന്യൂഡൽഹി∙ സ്വവർഗാനുരാഗം സൈന്യത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നു കരസേനാ മേധാവി ജനറൽ ബിപിൽ റാവത്ത്. ഇക്കാര്യം സൈന്യത്തിൽ അനുവദിക്കാനാകില്ല. സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല. പക്ഷേ നിങ്ങൾ സൈന്യത്തിൽ ചേര്‍ന്നാൽ സാധാരണ രീതിയിൽ ഉള്ള എല്ലാ അവകാശങ്ങളും സൗകര്യങ്ങളും ലഭിക്കില്ല. കുറച്ചു കാര്യങ്ങൾ നമുക്കു വ്യത്യസ്തമായിരിക്കും–സ്വവർഗരതി കുറ്റകൃത്യമല്ലാതാക്കുന്ന സുപ്രീംകോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കരസേന മേധാവിയുടെ മറുപടി.

കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി സ്വവർഗരതി കുറ്റകരമല്ലെന്നു വിധിച്ചിരുന്നു. കൊളോണിയൽ കാലഘട്ടത്തെ ഐപിസി സെക്ഷൻ 377, സമത്വത്തിനുള്ള സ്വാതന്ത്ര്യം ലംഘിക്കുന്നെന്നു നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം. പരസ്പര സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം വിലക്കിയിരുന്നത് ഐപിസി  സെക്ഷൻ 377 പ്രകാരമാണ്.

സൈന്യം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. സൈന്യത്തിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കില്ല. വിവാഹേതര ബന്ധവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.