സിബിഐ ഡയറക്ടർ: വർമയെക്കാൾ കൂടുതൽ ‘കരയുന്നത്’ രാഹുലെന്ന് ബിജെപി

ന്യൂഡൽഹി∙ സിബിഐ ഡയറക്ടറെ നീക്കിയതിൽ ആലോക് വർമയെക്കാൾ കൂടുതൽ ‘കരയുന്നത്’ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്നു ബിജെപി. അഗസ്റ്റ് വെസ്റ്റ്‌ലാൻഡ് കേസ് ഉൾപ്പെടെയുള്ള പ്രതിരോധ ഇടപാടുകളിൽ അന്വേഷണം നടന്നാൽ സത്യം പുറത്തുവരുമെന്ന ഭീതിയിലാണു കോണ്‍ഗ്രസ് എന്നും പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു.

ആലോക് വർമയെ ഒക്ടോബറിൽ മോദി സർക്കാർ നിർബന്ധിത അവധിയിൽ വിട്ടതു റഫാൽ ഇടപാടിൽ മോദിയുടെ ഇടപെടൽ പുറത്തുവരുമെന്ന ഭീതിയിലാണെന്നു രാഹുൽ പ്രതികരിച്ചിരുന്നു. മാത്രമല്ല, അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയ നടപടിക്കെതിരെയും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ബ്രിട്ടിഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേൽ ചോദ്യം ചെയ്യലിൽ ഗാന്ധി കുടുംബത്തിന്റെ പേരു പറഞ്ഞതായാണ് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചത്. അതേസമയം, ‘മൈക്കിൾ മാമ’ മറ്റൊരു കമ്പനിക്കു വേണ്ടിയാണു ചർച്ച നടത്തിയതെന്നും കോൺഗ്രസ് നേതാക്കൾ ഇതിൽ വിശദീകരണം നൽകണമെന്നും പ്രധാനമന്ത്രി ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.