മകരവിളക്കിന് പോകണമെന്ന് സുരേന്ദ്രന്‍; സമാധാനം തകര്‍ക്കുമോയെന്നു കോടതി

കൊച്ചി∙ മകര വിളക്ക് ദർശനത്തിന് ശബരിമലയിൽ പോകാൻ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. താൻ കെട്ടു നിറച്ചിട്ടുണ്ടെന്നും ദർശനം നടത്തേണ്ടതുണ്ടെന്നും കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ സീസണിൽ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദർശനം നടത്തിയാൽ മതിയാകില്ലേ എന്നും ആരാഞ്ഞു. ശബരിമലയിൽ ഇപ്പോൾ സ്ഥിതികൾ ശാന്തമാണ്. അത് തകർക്കുമോ എന്നും കോടതി ചോദിച്ചു. 

അതേ സമയം ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സീസണിൽ ദർശനം അനുവദിക്കരുതെന്നും അഭ്യർഥിച്ചു. സുരേന്ദ്രന്റെ ഹർജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു. 

ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തതും 23 ദിവസത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായതും. കർശന ഉപാധികളോടെയാണു സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നാണ് കോടതി നിർദേശം. 2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലും ജാമ്യമെടുത്താണ് സുരേന്ദ്രൻ പുറത്തിറങ്ങിയത്.