ജോലി പോകും, ദയയുണ്ടാകണം; എസ്ബിഐ ആക്രമിച്ച ഇടതു നേതാക്കളെ രക്ഷിക്കാന്‍ ശ്രമം

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് പണിമുടക്ക് ദിവസം എസ്ബിഐ ആക്രമിച്ച സംഭവത്തിൽ ഇടതു നേതാക്കളെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. നഷ്ടപരിഹാരം നൽകി കേസ് പിന്‍വലിപ്പിക്കാനാണു ശ്രമം നടക്കുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീർപ്പുകാരുടെ അപേക്ഷ. എന്നാൽ വിഷയത്തിൽ അനുകൂലമായ പ്രതികരണങ്ങൾക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.

ധാരണയാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. അതേസമയം ബാങ്ക് അക്രമിച്ച ഇടത് നേതാക്കൾക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാർ റീജിയനൽ മാനേജർക്കു പരാതി നൽകി. ഈ പരാതി പൊലീസിനു കൈമാറാനും സാധ്യതകളുണ്ട്.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. അതേസമയം അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അനിൽ കുമാർ (സിവിൽ സപ്ലൈസ്), അജയകുമാര്‍ (സെയിൽസ്ടാക്സ്), ശ്രീവൽസൻ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാർ എന്നിവരാണു മുഖ്യപ്രതികൾ. ദൃശ്യങ്ങളുണ്ടായിട്ടും എൻജിഒ സംസ്ഥാന നേതാക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

പിടിയിലായവരെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്ന സമയം മാധ്യമങ്ങളില്‍ നിന്ന് പ്രതികളെ ഒളിപ്പിക്കാന്‍ ഇടത് നേതാക്കള്‍ക്ക് പൊലീസ് പരമാവധി ഒത്താശയും ചെയ്തു. പ്രതികളല്ലാത്ത നേതാക്കന്‍മാര്‍ പൊലീസ് സ്റ്റേഷന് ഉള്ളില്‍ ചെന്ന് കവചം തീര്‍ത്താണ് പുറത്തുകൊണ്ടുവന്നത്. മറ്റൊരാളാണ് പ്രതിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പൊലീസും നേതാക്കള്‍ക്കൊപ്പം അഭിനയിച്ചു.