തിരുവാഭരണ ഘോഷയാത്ര കൊടിമര ജാഥയല്ല: മുഖ്യമന്ത്രിക്കെതിരെ‍ പി.പി.മുകുന്ദൻ

തിരുവനന്തപുരം ∙ തിരുവാഭരണ ഘോഷയാത്രയ്ക്കെതിരെ തീട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ. ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെ സർക്കാർ ഉത്തരവു കൊണ്ട് നിയന്ത്രിക്കാനാകുമെന്ന മൂഢവിശ്വാസം പിണറായി ഉപേക്ഷിക്കണം. സർക്കാരിന്റെ അനുമതിയുള്ളവർ മാത്രം യാത്രയെ അനുഗമിച്ചാൽ മതിയെന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മൗലികാവകാശത്തിൻമേലുള്ള കടന്നു കയറ്റമാണിത്. ഇന്ന് ക്ഷേത്രങ്ങളുടെ മേൽ കൈവയ്ക്കുന്ന പിണറായി സർക്കാർ പള്ളികൾക്കും മോസ്കുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന കാലം വിദൂരമല്ല. തിരുവാഭരണത്തെ അനുഗമിക്കുക എന്നത് അതിനാഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും ജന്മാവകാശമാണ്. അതിന് പൊലീസിന്റെ മുൻകൂര്‍ അനുമതി വാങ്ങണമെന്ന നിർദേശം ഭക്തർക്ക് അംഗീകരിക്കാനാവില്ല. ഇത്തരം ഉത്തരവുകൾക്കു പുല്ലുവില കൽപ്പിക്കാനുള്ള ഔചിത്യം ഭക്തസമൂഹം കാണിക്കുമെന്നാണ് പ്രതീക്ഷ. 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും നവരാത്രി ഘോഷയാത്രയും സർക്കാർ നിയന്ത്രിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ദേവസ്വം ഭരണത്തിൽ സർക്കാർ ഇടപെടരുതെന്ന നിർദേശം പാലിക്കാൻ പിണറായി തയാറാകണം. തിരുവാഭരണ ഘോഷയാത്രയ്ക്ക് സംരക്ഷണം നൽകുക എന്ന നിയമപരമായ ബാധ്യത മാത്രമാണ് സർക്കാരിനുള്ളത്. അത് കൃത്യമായി ചെയ്യാൻ പിണറായി വിജയൻ തീരുമാനിച്ചാൽ മാത്രം മതി.

നാളിതുവരെ നടന്നുവന്ന ആചാര അനുഷ്ഠാനങ്ങളോടെ ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയും നടക്കും. മറിച്ച് അതിനെ പാർട്ടി ജാഥയാക്കി മാറ്റാനുള്ള പിണറായിയുടെ ധിക്കാരത്തെ വിശ്വാസിസമൂഹം ചെറുത്തു തോൽപ്പിക്കണമെന്നും മുകുന്ദൻ പറഞ്ഞു.